കൊച്ചി : ക്വാറികളാക്കി മാറ്റിയ തോട്ടങ്ങൾക്ക് ഭൂപരിഷ്‌കരണ നിയമപ്രകാരമുള്ള ഇളവിന് അർഹതയില്ലെന്ന് ഹൈക്കോടതി ഫുൾബെഞ്ച് വ്യക്തമാക്കി. തോട്ടംഭൂമിയുടെ സ്വഭാവം തന്നെ മാറ്റിയശേഷം നിയമപ്രകാരമുള്ള ഇളവ് അവകാശപ്പെടരുതെന്നും വിധിയിൽ പറയുന്നു. ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സതീഷ് നൈനാൻ എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. എന്നാൽ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ വിയോജിച്ച് വിധിയെഴുതി.
ഭൂമി തോട്ടമായി നിലനിൽക്കുമ്പോൾ ഭൂപരിഷ്കരണ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. എന്നാൽ ഇതു ക്വാറിയാക്കി മാറ്റുന്നതോടെ ഭൂപരിഷ്കരണ നിയമം ബാധകമാവുമെന്നും മിച്ചഭൂമി ഏറ്റെടുക്കുന്ന നടപടി വേണ്ടിവരുമെന്നും വിധിയിൽ പറയുന്നു. ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് ലഭിച്ച പ്ളാന്റേഷനുകളിൽ ക്വാറികൾക്ക് അനുമതി നൽകിയതിനെതിരെ സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. കരിങ്കൽ ഖനനം നടത്തുന്ന ഭൂമിയെ കൊമേഴ്സ്യൽ ലാൻഡായി കാണാനാവുമോയെന്ന വിഷയത്തിൽ വ്യത്യസ്ത വിധികൾ വന്നതോടെയാണ് ഫുൾബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്. കൊമേഴ്സ്യൽ ലാൻഡിന് ഭൂപരിഷ്കരണ നിയമപ്രകാരമുള്ള മിച്ചഭൂമി ഇളവ് ലഭിക്കും. എന്നാൽ ക്വാറികൾ പ്രവർത്തിക്കുന്ന ഭൂമിക്ക് കൊമേഴ്സ്യൽ ലാൻഡ് എന്ന നിലയിൽ ഭൂപരിഷ്കരണ നിയമപ്രകാരമുള്ള മിച്ചഭൂമി ഇളവില്ലെന്ന വിധിയാണ് ശരിയെന്ന് ബെഞ്ചിലെ രണ്ട് ജഡ്ജിമാർ വിധി പറഞ്ഞു. പ്ളാന്റേഷനു വേണ്ടി പതിച്ചു നൽകിയ ഭൂമിയിൽ ക്വാറി പ്രവർത്തനം തുടങ്ങിയാൽ മിച്ചഭൂമിയിളവ് നൽകാൻ കഴിയില്ല. ഉല്പാദന പ്രക്രിയയെന്ന നിലയ്ക്കാണ് പ്ളാന്റേഷനുകൾക്ക് ഇളവ് നൽകിയത്. ക്വാറികൾക്ക് ഇത്തരമൊരു ഇളവിന് അർഹതയില്ലെന്നും വിധിയിൽ പറയുന്നു.
എന്നാൽ മെറ്റലുകളും ബ്ളോക്കുമുണ്ടാക്കാൽ പാറ പൊട്ടിക്കുന്നത് ഉത്പാദന പ്രക്രിയയാണെന്നും ക്വാറികൾക്കും ഇളവു നൽകാമെന്നുമാണ് വിയോജിച്ച് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറെഴുതിയ വിധിയിൽ പറയുന്നത്.