മൂവാറ്റുപുഴ: മുടവൂർ ബ്ലോക്ക് കവലയിൽ യാത്രക്കാർക്ക് മഴയും വെയിലുമേറ്റ് നിൽക്കുവാനാണ് വിധി, കാക്കനാട് - മൂവാററുപുഴ റോഡിലാണ് മുടവൂർ ബ്ലോക്ക് കവല. മൂവാററുപുഴ ബ്ലോക്ക് പഞ്ചായത്താഫീസ്, സർക്കാരോഫീസുകൾ, മിനി സിവിൽ സ്റ്റേഷൻ തുടങ്ങി എല്ലാ സർക്കാർ സംവിധാനങ്ങളുമുള്ള സ്ഥലങ്ങളിലേക്ക് വരുന്നതിനും പോകുന്നതിനും ബ്ലോക്ക് കവലയിൽ എത്തണം. ദിവസേന അഞ്ഞൂറിലധികം പേരെങ്കിലും വന്നുപോകുന്ന ബ്ലോക്ക് ജംഗ്ഷനിൽ കയറിനിൽക്കുവാനൊരിടം ഇല്ലെന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മൂവാററുപുഴ ഭാഗത്തേക്ക് പോകാനുള്ളവർക്ക് കയറിനിൽക്കുവാൻ ഒരു കടപോലും തറനിരപ്പിൽ ഇല്ല. ഉള്ളകടയിൽ. കയറിനിന്നാൽ ബസ് വരുന്നത് കാണുവാനും കഴിയില്ല. എറണാകുളം ഭാഗത്തേക്ക് പോകാനുള്ളവരുടെയും സ്ഥിതി ഇതുതന്നെ. ബസ് കാത്തുനിൽക്കുന്ന സമയം മഴപെയ്താൽ നനയുകയല്ലാതെ മറ്റുമാർഗമില്ല.
മിനി സിവിൽ സ്റ്റേഷൻ ഭാഗത്തുനിന്നും ഇറങ്ങിവരുന്ന വാഹനങ്ങൾക്ക് എറണാകുളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതിനാൽ തുടരെ അപകടവും നടക്കുന്നുണ്ട്. മൂന്നു ഭാഗത്തുനിന്നും ഒരേ സമയം വാഹനങ്ങൾ വരുമ്പോൾ കയറിനിൽക്കാൻ ഇടമില്ലാതെ യാത്രക്കാർ പലദിക്കിലേക്ക്ഓടി മാറുകയാണ്. സ്ത്രീയാത്രക്കാരും, വൃദ്ധരായയാത്രക്കാരുമാണ് ദുരിതം അനുഭവിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തിനോ, മൂവാററുപുഴ നഗരസഭക്കോ പായിപ്ര ഗ്രാമ പഞ്ചയത്തിനോ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാവുന്നതാണ്. എന്നാൽ അത് നടക്കുന്നില്ല.
ബസ്ഷെൽട്ടർ വേണം
മൂടവൂർ ബ്ലോക്ക് കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഓരോദിവസവും തിരക്കുകൂടിവരുന്ന ബ്ലോക്ക് കവലയിൽ യാത്രക്കാർക്ക് മഴയും വെയിലുമേൽക്കാതെ നിൽക്കാനാകണം. ഇവിടെ ബസ്ഷെൽട്ടർ അടിയന്തിരമായി നിർമ്മിക്കണം
കുമാർ കെ. മുടവൂർ, കവി, സാംസ്ക്കാരിക പ്രവർത്തകൻ