കൊച്ചി: ശബരിമല വിഷയത്തിൽ കൂടുതൽ ഇടപെടലുകൾ വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ യു.ഡി.എഫ് സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. ബി.ജെ.പി ഇക്കാര്യത്തിൽ മേൽക്കോയ്മ നേടുന്നത് തടയാൻ തന്ത്രങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമനത്തിനെതിരെ പ്രക്ഷോഭവും തീരുമാനിക്കും.
ഭാരത് ഹോട്ടലിൽ രാവിലെ 11 നാണ് യോഗം. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരും ഘടകക്ഷി നേതാക്കളും പങ്കെടുക്കും.
ശബരിമല തന്നെയാകും മുഖ്യ വിഷയം. സ്ഥിതിഗതികൾ വഷളായത് യോഗം വിലയിരുത്തും. പ്രത്യക്ഷ സമരവും ചർച്ചയാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ, അടൂർ പ്രകാശ് എന്നിവർ ശബരിമല സന്ദർശിച്ചതിന്റെ വിവരങ്ങളും വിലയിരുത്തിയാകും സമരം നിശ്ചയിക്കുക.
ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും വരുത്തിയ വീഴ്ചകൾ ഉന്നയിച്ച് പ്രക്ഷോഭം നടത്തണമെന്ന ആവശ്യം ശക്തമാണ്.
ബന്ധു നിയമനത്തിൽ പ്രക്ഷോഭം
ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരെ പ്രത്യക്ഷ സമരവും യു.ഡി.എഫ് തീരുമാനിക്കും. മന്ത്രി ജലീൽ അഴിമതി കാട്ടിയെന്ന നിലപാട് നിയമനം ലഭിച്ച കെ.ടി. അബീദിന്റെ രാജിയിലൂടെ തെളിഞ്ഞെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.
നിയമന നടപടിക്രമങ്ങളും മന്ത്രിയുടെ ഇടപെടലും സംബന്ധിച്ച രേഖകൾ പുറത്തുവിട്ട് ആരോപണം ഉന്നയിച്ചത് മുസ്ലിം യൂത്ത് ലീഗാണ്. ഇതിന് വേണ്ടത്ര പിന്തുണ നൽകുന്നതിൽ കോൺഗ്രസ് ഉൾപ്പെടെ ഘടകകക്ഷികൾ തയ്യാറായില്ലെന്ന പരിഭവം മുസ്ലിം ലീഗിനുണ്ടെന്നാണ് സൂചന.