thripthi

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തൃപ്തി ദേശായിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് ശബരിമല കർമ്മ സമിതി പ്രവർത്തകർക്കെതിരെ രണ്ട് കേസുകൾ. തൃപ്തി ദേശായിയുടെ യാത്ര തടസപ്പെടുത്തിയതിന് 200 ഓളം പേർക്കെതിരെ നേരത്തേ കേസെടുത്തതിന് പുറമെ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുത്തിയതിന് 500 പേർക്കെതിരെ കൂടി പൊലീസ് കേസെടുത്തു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ, ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, സെക്രട്ടറിമാരായ എ.കെ. നസീർ, രേണു സുരേഷ്, ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ്, ജില്ല സെക്രട്ടറി എം.എൻ. ഗോപി, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു, കെ.ജി. ഹരിദാസ് എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് കേസ്.

വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തി, നിരോധിത മേഖലയിൽ സംഘടിച്ച് പ്രശ്‌നം സൃഷ്ടിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് കുറ്റങ്ങൾ.

പുലർച്ചെ വിമാനത്താവളത്തിലെത്തിയെ തൃപ്തിയെ കാർഗോ ഗേറ്റ് വഴി പുറത്തെത്തിക്കാൻ ശ്രമം നടത്തിയപ്പോൾ തടഞ്ഞ പ്രവർത്തകർക്കെതിരെയാണ് ആദ്യകേസ്. ഇതിൽ നേതാക്കളാരും പ്രതികളല്ല. ഈ സമയത്ത് സംസ്ഥാന നേതാക്കൾ സ്ഥലത്ത് എത്തിയിരുന്നില്ല. ജില്ലാ നേതാക്കളെല്ലാം ആഭ്യന്തര ടെർമിനലിലെ ആഗമന കവാടത്തിലായിരുന്നു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിലാദ്യമാണ് വിമാനത്താവളത്തിനകത്ത് ഇത്രയും വലിയ പ്രതിഷേധം നടന്നത്. സിയാലിന്റെ പരാതി ഇല്ലാതെ തന്നെയാണ് പൊലീസ് കേസെടുത്തത്.