പിറവം: ഇന്നലെ വൈകിട്ടു മുതൽ രാത്രി വരെ നീണ്ട ശക്തമായ മഴയിലും കാറ്റിലും പിറവം മേഖലയിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം. കാർഷിക മേഖലയിൽ ഉണ്ടായ വൻകെടുതിയ്ക്കു പുറമെ വീടുകൾക്കും വൻ നാശനഷ്ടമുണ്ടായി.
പാമ്പാക്കുട, രാമമംഗലം പഞ്ചായത്തുകളിൽ ജാതി, തെങ്ങ്, റബർ, കമുങ്ങ്, വാഴ, പച്ചക്കറി തോട്ടങ്ങൾ അടക്കം ഇന്നലത്തെ കാറ്റിൽ നിലം പതിച്ചു. പിറവം നഗരസഭ അതിർത്തിയിൽ മാത്രം 2 കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി കൗൺസിലർ ബെന്നി വർഗീസ് പറഞ്ഞു .
പലയിടത്തും പച്ചക്കറി പന്തലുകളും വാഴ, കപ്പ തുടങ്ങിയ കൃഷികളും നശിച്ചു.
തോരാമഴയിലും കാറ്റിലും ടൗണും പരിസരവും വെള്ളക്കെട്ടിലായി. ഇലക്ട്രിക് പോസ്റ്റുകൾ പലയിടത്തും മറിഞ്ഞ് വീണതോടെ വൈദ്യുതബന്ധവും വിഛേദിക്കപ്പെട്ടിരിക്കയാണ്. കേബിൾ ശൃംഖലയും വിഛേദിക്കപ്പെട്ടതോടെ ടി.വി. കണക്ഷനുകളും പലയിടത്തും കിട്ടാതായി.
പിറവത്ത് ഇല്ലിക്കമുക്കട, പാലച്ചുവട്, കക്കാട്, കളമ്പൂർ, പാഴൂർ മേഖലകളിൽ മരം വീണ് ലൈനുകൾ വിഛേദിക്കപ്പെട്ടു.
ഇലഞ്ഞി, മണീട് പഞ്ചായത്തുകളിലെ നാൽപ്പതോളം വീടുകൾക്ക് കേടുപാടുകൾ പറ്റി. ഓണക്കൂർ തോട് വീണ്ടും നിറഞ്ഞൊഴുകി
ഇന്നലത്തെ ശക്തമായ മഴയിൽ ഓണക്കൂർ തോട്(ഉഴവൂർ തോട്) വീണ്ടും നിറഞ്ഞൊഴുകിയതോടെ വൻ നാശം .ഓണക്കൂർപാലം ഭാഗത്ത് തോട് നിറഞ്ഞു കവിഞ്ഞ് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. മേഖലയിൽ ഏറ്റവും കൂടുതൽ പച്ചക്കറികൃഷി ചെയ്യുന്ന ഇവിടെ പയർ, പടവലം, ഏത്തവാഴകൾ എന്നിവ വെള്ളത്തിനടിയിലായി. ഇന്നലെയും ഊരനാട്ടുചിറ കവിഞ്ഞൊഴുകി.