pc-thomas

കൊച്ചി: ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചും അറസ്റ്റു ചെയ്തും ശക്തമായ പ്രതിഷേധം സർക്കാർ വിളിച്ചുവരുത്തി മതസ്വാതന്ത്ര്യ സമരത്തെ നേരിടുകയാണെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻ.ഡി.എ ദേശീയ സമിതി അംഗവുമായ പി.സി. തോമസ് ആരോപിച്ചു.

വിമോചനസമരം ആവർത്തിക്കാനാണ് പ്രതിഷേധിക്കുന്നവർ ശ്രമിക്കുന്നതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും പ്രസ്താവനകൾ അടിസ്ഥാനരഹിതമാണ്.

കെ. സുരേന്ദ്രൻ ഉൾപ്പെടെ നേതാക്കളുടെ അറസ്റ്റ് അനാവശ്യമാണ്. ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം കുറയ്ക്കാൻ ഭീഷണിയും സൗകര്യങ്ങൾ നിഷേധിക്കുന്നതും പ്രതിഷേധത്തിന് കാരണമാകും.

കുമ്പസാരത്തെയും ക്രൈസ്തവരെയും അവഹേളിച്ച് സർക്കാർ പ്രസിദ്ധീകരണമായ വിജ്ഞാനകൈരളി ലേഖനം പ്രസിദ്ധീകരിച്ചത് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതാചാരങ്ങളെ വെല്ലുവിളിച്ചാലുള്ള ഫലം തൃപ്തി ദേശായിക്ക് പൂനെയിൽ നിന്ന് കൊച്ചിയിലെത്തിയപ്പോൾ മനസിലായിട്ടുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇനി മനസിലാകേണ്ടത്. കേരളത്തെ കലാപഭൂമിയാക്കാതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കണം- അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.