krishi
വാളകം പഞ്ചായത്തിൽ കൃഷി നാശം സംഭവിച്ച സ്ഥലങ്ങളിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നാശനഷ്ടങ്ങൾ വിലയിരുത്തുന്നു.

മൂവാറ്റുപുഴ: കാലവർഷത്തെ തുടർന്നുണ്ടായ മഹാപ്രളയത്തിൽ കാർഷി​ക മേഖലയ്ക്കുണ്ടായ ആഘാതത്തിൽ നിന്നും കർഷകർ കരകയറാനുള്ള പരിശ്രമത്തിനിടെ വെള്ളിയാഴ്ച വൈകിട്ടുണ്ടായ ഗജ ചുഴലിക്കാറ്റ് വീണ്ടും തിരിച്ചടിയായി. വാളകം, ആയവന പഞ്ചായത്തുകളിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി നാശം സംഭവിച്ച പ്രദേശങ്ങളിൽ നാശനഷ്ട കണക്കുകളുടെ വിലയിരുത്തൽ പൂർത്തിയായി. വാളകത്ത് 15ലക്ഷം രൂപയുടെയും ആയവനയിൽ 10 ലക്ഷം രൂപയുടെയും കൃഷി നാശമാണ് സംഭവിച്ചത്. വാളകത്ത് വാഴ, ജാതി, റബർ, കപ്പ, തുടങ്ങിയ വിളകളെയാണ് പ്രധാനമായും കൊടുങ്കാറ്റ് ബാധിച്ചത്.
കൂടുതൽ കൃഷി നാശം നേരി​ട്ട കർഷകരായ നിരവത്ത് തോമസ്, വെളിയത്ത് രാമചന്ദ്രൻ നായർ. സി.എസ് മോഹനൻ, സുരേഷ് പുന്നിലത്തിൽ, സിജി എവനാച്ചൻ തേക്കിലക്കാട്ട്, ചാക്കോ മനയത്ത്, സജി ഓലിക്കൽ എന്നിവരുടെ കൃഷിയിടങ്ങൾ ജനപ്രതിനിധികളായ പി. എ രാജു, യാക്കോബ്.പി, കൃഷി ഓഫീസർ വി.പി.സിന്ധു എന്നിവർ സന്ദർശിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി. കുലച്ച വാഴകളാണ് കൂടുതലായി നശിച്ചത്. ആയവന പഞ്ചായത്തിലെ ഏനാനെല്ലൂർ, മുല്ലപുഴച്ചാൽ, ആയവന, പുന്നമറ്റം, കടുംപിടി, കാലാമ്പൂര് ,കാവക്കാട് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ വ്യാപകമായി കൃഷി നശിച്ചു. ഏത്ത വാഴ, റബ്ബർ, ജാതി, കമുക് തുടങ്ങിയ വിളകൾക്ക് ആണ് വ്യാപക നാശം സംഭവിച്ചത്. എം പി സണ്ണി, മംഗലശേരിയിൽ, ബേബി മാർക്കരയിൽ രവി എം.കെ മുറി തോട്ടത്തിൽ, കെ.വി ജോയി കിഴക്കേടത്ത്, സുഹറ ഉമ്മർ നെടുപറമ്പിൽ, സാജു കുറവക്കാട്ട്, ഫ്രാൻസിസ് ചാക്കോ നെടുപറമ്പിൽ, ഹബീബ് പട്ടംമാവുടിയിൽ, തുടങ്ങി നിരവധി കർഷകരുടെ കാർഷിക വിളകളാണ് കാറ്റിൽ നിലം പൊത്തിയത്. വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ കർഷകരും ഇതിൽ ഉൾപ്പെടുന്നു. നിരവധി വീടുകൾക്കും മരങ്ങൾ വീണ് കേട് പറ്റി. നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് എം.എം. അലിയാർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജീഷ് പി .എസ്, ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശിവദാസ് കെ.കെ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപാ ജിജിമോൻ വാർഡ് പ്രതിനിധികളായ സിന്ധു ബെന്നി, ജൂലി സുനിൽ കൃഷി ഓഫീസർ ബോസ് മത്തായി, കൃഷി അസി.രശ്മി വി.ആർ, സുഹറ റ്റി.എം എന്നിവർ സന്ദർശിച്ച് നാശനഷ്ടം വിലയി​രുത്തി.

രേഖകൾ എത്തി​ക്കണം
കൃഷിനാശം ബാധിച്ച എല്ലാ കർഷകരും അപേക്ഷ, കരമടച്ച രസീതി, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ എത്രയും പെട്ടെന്ന് കൃഷിഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.