കോലഞ്ചേരി: യാക്കോബായ സഭാ നേതൃത്വ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മെത്രാപ്പൊലിത്തൻ ട്രസ്റ്റി, വൈദിക ട്രസ്റ്റി, അൽമായ ട്രസ്റ്റി, അൽമായ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് 16 വർഷങ്ങൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്.
നിലവിലെ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെയും സഭയിലെ ഏറ്റവും മുതിർന്ന മെത്രാപ്പൊലീത്തയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്തയുടെയും പാനലുകൾ തമ്മിലാണ് മത്സരം.
മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്തേക്ക് ഇരുവരും മത്സരിക്കുമ്പോൾ അഡ്വ. പീറ്റർ കെ. ഏലിയാസ് (സഭാ സെക്രട്ടറി), കുഞ്ഞ് പരത്ത് വയലിൽ (ട്രസ്റ്റി), ഫാ.വർഗീസ് ഇടിയത്തേരിൽ (വൈദിക ട്രസ്റ്റി) എന്നിവർ തോമസ് പ്രഥമൻ ബാവയുടെ പാനലിൽ നിന്നും സി.കെ. ഷാജി ചുണ്ടയിൽ (ട്രസ്റ്റി), പ്രൊഫ. രഞ്ജൻ എബ്രഹാം (സെക്രട്ടറി), ഫാ. സ്ലീബ പോൾ വട്ടവേലിൽ കോർ എപ്പിസ്‌കോപ്പ (വൈദിക ട്രസ്റ്റി) എന്നിവർ മോർ തീമോത്തിയോസിന്റെ പാനലിൽ നിന്നും മത്സരിക്കുന്നു.
വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് ഫാ. പീറ്റർ വേലംപറമ്പിലും മത്സരിക്കുന്നുണ്ട്. വാശിയേറിയ പ്രചാരണമാണ് ഇരുവിഭാഗവും നടത്തുന്നത്.
നിലവിലെ ഭരണസമിതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുയർന്നതിനെ തുടർന്നാണ് സഭാ മേലദ്ധ്യക്ഷനായ പാത്രിയാർക്കീസ് ബാവ ഇടപെട്ട് തിരഞ്ഞെടുപ്പ് തീരുമാനിച്ചത്. വോട്ടെടുപ്പിന് മുന്നോടിയായി സഭയിലെ അറുനൂറോളം പള്ളികളിൽ നിന്നുള്ള മൂവായിരത്തോളം പ്രതിനിധികൾ രാവിലെ 10ന് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ സമ്മേളിക്കും. തുടർന്ന് ഒരു മണി മുതൽ 3 വരെ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടക്കും. ഇന്ന് തന്നെ ഫലപ്രഖ്യാപനവുമുണ്ടാകും.
പ്രൊഫ. ബേബി എം.വർഗീസാണ് വരണാധികാരി. 91 വയസായ തോമസ് പ്രഥമൻ ബാവ മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിയാൻ പല വട്ടം പരസ്യ താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആ സ്ഥാനത്തേക്ക് മുതിർന്ന മെത്രാര്രൊലീത്തയെന്ന നിലയിൽ മോർ തീമോത്തിയോസും പത്രിക നൽകിയത്. എന്നാൽ അവസാന നിമിഷം തോമസ് പ്രഥമനും പത്രിക സമർപ്പിച്ചു. സഭാതർക്കത്തിലെ സുപ്രീംകോടതി വിധികളെ തുടർന്ന് നിലനില്പ് ഭീഷണിയിലായ സഭയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്.