കൊച്ചി: കരുതൽ ധനം പിടിച്ചെടുക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചാൽ റിസർവ് ബാങ്കിന്റെ ഗവർണ്ണർ ഊർജിത് പട്ടേൽ രാജിവയ്ക്കുന്നതാണ് നല്ലതെന്ന് മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ പറഞ്ഞു. നരേന്ദ്രമോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ പൂർണമായും രാജ്യത്തെ എല്ലാ മേഖലകളെയും തകർത്തെന്നും അദ്ദേഹം പറഞ്ഞു.
ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കേരള ഘടകം പ്രസിഡന്റ് മാത്യു കുഴൽനാടൻ സംഘടിപ്പിച്ച ഹോട്ട് സീറ്റ് സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ആർ.ബി.ഐ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കരുതൽ ധനം പിടിച്ചെടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. റിസർവ് ബാങ്കിന്റെ ബാദ്ധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്ന നിധിയാണിത്. അക്കാര്യം സർക്കാരിനും പറഞ്ഞു കൊടുക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്. ആർ.ബി.ഐയുടെ ബോർഡ് യോഗം ഇന്ന് ചേരാനിരിക്കെയാണ് മുൻ ബി.ജെ.പി നേതാവായ യശ്വന്ത് സിൻഹയുടെ വിമർശനം.
ഗംഗ ശുചീകരണവും സ്വച്ഛ് ഭാരത് പദ്ധതിയും ഉൾപ്പെടെ സമ്പൂർണ പരാജയമായി. ഇതു മനസിലാക്കാൻ പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദ് മുതൽ രാജ്‌കോട്ട് വരെ സഞ്ചരിച്ചാൽ മതി. മാലിന്യം നിറഞ്ഞ് യാത്ര പോലും ദുഷ്‌കരമാണ്. നല്ല പദ്ധതി ആയിരുന്നെങ്കിലും നടപ്പാക്കലിൽ പാളി. എല്ലാ ഗ്രാമങ്ങളിലും റോഡും വൈദ്യുതിയും എത്തിച്ചുവെന്ന അവകാശവാദവും തെറ്റാണ്. കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം, അഴിമതി എന്നിവ തടയാൻ നോട്ടുനിരോധനം 2016 നവംബറിൽ പ്രഖ്യാപിച്ചെങ്കിലും ഒന്നും നേടിയില്ല. കള്ളപ്പണം ബാങ്കുകളിൽ തിരിച്ചെത്തുകയും ചെയ്തു. മാത്യു കുഴൽനാടൻ, കെ. ശബരിനാഥൻ എം.എൽ.എ, സി.പി.എം നേതാവ് പി. രാജീവ്, എം.ഇ.എസ് പ്രസിഡന്റ് ഫസൽ ഗഫൂർ എന്നിവരും പങ്കെടുത്തു.