കൊച്ചി: ചികിത്സാസൗകര്യങ്ങൾക്ക് നഗരത്തെ ആശ്രയിക്കേണ്ടിവരുന്ന മുളവുകാട്, കടമക്കുടി നിവാസികൾക്ക് കൈത്താങ്ങുമായി ഏകദിന ജനകീയ ആശുപത്രി. ഏഴായിരത്തിലേറെ പേരെ വിദഗ്ദ്ധ ഡോക്ടർമാർ പരിശോധിച്ച് ചികിത്സകൾ നിർദ്ദേശിച്ചു.
കോതാട് എച്ച്.എസ്.എസ് ഒഫ് ജീസസ് സ്‌കൂളിൽ എസ്. ശർമ്മ എം.എൽ.എയുടെ നേതൃത്വത്തിലാണ് സൗജന്യ മൾട്ടി സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പിലേക്ക് (ഏകദിന ജനകീയ ആശുപത്രി) സംഘടിപ്പിച്ചത്.
പരിശോധനയുടെ വിവരങ്ങൾ
27 പേർക്ക് ഗർഭാശയ മുഴ
37 പേർക്ക് മാറിൽ മുഴ
143 പേർക്ക് സിടി സ്‌കാൻ
109 പേർക്ക് എം.ആർ.ഐ സ്‌കാൻ
100 പേർക്ക് അൾട്രാസൗണ്ട് സ്‌കാൻ
1253 പേർക്ക് കണ്ണട
1302 പേർക്ക് ലിവർ ഫംഗ്ഷൻ, കൊളസ്‌ട്രോൾ, തൈറോയ്ഡ് പരിശോധനകൾ.
239 പേർക്ക് തിമിരശസ്ത്രക്രിയ നടത്തും
419 പേർക്ക് ദന്തശസ്ത്രക്രിയ നടത്തും
228 പേർക്ക് മൈനർ സർജറിക്ക് ശുപാർശ
സൗജന്യ തുടർപരിശോധന
രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും ഷുഗർ, പ്രഷർ പരിശോധന നടത്തി. എല്ലാവർക്കും സൗജന്യമായി തുടർ പരിശോധന ലഭ്യമാക്കും. ഡോക്ടർമാർ നിർദ്ദേശിച്ച 172 പേർക്ക് ഒരു വർഷത്തേക്ക് തുടർപരിശോധന, ചികിത്സ എന്നിവ സൗജന്യം.
കൈകോർത്ത് ആശുപത്രികൾ
എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളേജ്, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, അമൃത ആശുപത്രി, ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ, ആസ്റ്റർ മെഡിസിറ്റി, അങ്കമാലി എൽ.എഫ് ആശുപത്രി എന്നിവിടങ്ങളിലെ 250 ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി. ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നിന്നും 50 ഡോക്ടർമാർ എത്തി.
എസ്.ശർമ്മ എംഎ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ഹൃദരോഗ വിദഗ്ദൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാൻ, എറണാകുളം ജനറൽ ആശുപത്രിയിലെ ഡോ.വി. മധു, ക്യാമ്പ് വൈസ് ചെയർമാൻ ഡോ.കെ.എസ്. പുരുഷൻ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ. ജോഷി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.യു. ജീവൻമിത്ര, പി.കെ.രാധാകൃഷ്ണൻ, രജിത സജീവ്, ഇ.പി.ഷിബു, ജില്ലാ പഞ്ചായത്തംഗങ്ങളായ അയ്യമ്പിള്ളി ഭാസ്‌കരൻ, റോസ് മേരി ലോറൻസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനി പുരുഷോത്തമൻ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ.വി. എബ്രഹാം, എം.സി.സുനികുമാർ തുടങ്ങിയവർ സംസാരിച്ചു.
പിന്തുണച്ച് സന്നദ്ധ സംഘടനകൾ
വൈപ്പിനിലെ വിവിധ ഗ്രാമപഞ്ചായത്തംഗങ്ങൾ കുടുംബശ്രീ, ആശ, അംഗൻവാടി പ്രവർത്തകർ, എടവനക്കാട് എച്ച്.ഐ.എച്ച്.എസ് സ്‌കൂൾ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ, എൻ.എസ്.എസ്, ഗൈഡ്‌സ്, സറ്റുഡന്റ്സ് പൊലീസ്, തൃക്കാക്കര കെ.എം.എം കോളേജിലെ എം.ബി.എ വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നദ്ധപ്രവർത്തനം നടത്തി.
കൊച്ചി ബി.പി.സി.എൽ റിഫൈനറി, പെട്രോനെറ്റ് എൽ.എൻ.ജി, സംസ്ഥാന ഫിഷറീസ്വകുപ്പ്, സാഫ്, എറണാകുളം, മുളവുകാട്, കോരമ്പാടം സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾ സഹകരിച്ചു.