കൊച്ചി: ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവത്തിൽ ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന് പൊലീസ് സൂചന നൽകുന്നു. വിമാനത്താവളത്തിലെ സി.സി ടി.വി ദൃശ്യങ്ങളും മറ്റ് വീഡിയോകളും പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിൽ നിന്നും പ്രതിഷേധക്കാരുടെ വിവരങ്ങൾ ക്രോഡീകരിക്കും. ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
അതീവ സുരക്ഷാ മേഖലകളിലൊന്നാണ് വിമാനത്താവളം. പ്രതിഷേധത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 250 പേർക്കെതിരെ പൊലീസ് അന്നുതന്നെ കേസ് എടുത്തിരുന്നു. എന്നാൽ, സമരത്തിന്റെ വീഡിയോയും മറ്റും പരിശോധിച്ച പൊലീസ് പിന്നീട് 500 പേർക്കെതിരെ കേസ് ചുമത്താൻ തീരുമാനിച്ചു. ഇതിൽ നേതാക്കളെ വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.
അതേസമയം, വിമാനത്താവള അധികൃതരുടെ പരാതി പോലുമില്ലാതെ സമരം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം ഇത്തരത്തിൽ കേസെടുത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 4.30ന് ഇൻഡിഗോ വിമാനത്തിൽ തൃപ്തി ദേശായി എത്തിയതു മുതൽ രാത്രി 9.30ന് തിരിച്ചുപോകും വരെ പ്രതിഷേധം തുടർന്നു. സി.ഐ.എസ്.എഫ് സീനിയർ കമാൻഡൻഡിന്റെ കീഴിൽ അറുന്നൂറോളം പേരെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. സാധാരണനിലയിൽ സുരക്ഷയെ ബാധിക്കുന്ന ഒരു സമരവും വിമാനത്താവളത്തിൽ അനുവദിക്കാറില്ല.
ചുമത്തിയ വകുപ്പുകൾ
വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി
അതീവ സുരക്ഷാമേഖലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു
അറസ്റ്റ് ഉടനുണ്ടാകും
തൃപ്തി ദേശായിയേയും സംഘത്തെയും തടഞ്ഞ സംഭവത്തിൽ വീഡിയോ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. ഇതിന് ശേഷം അറസ്റ്റ് ഉണ്ടാകും.
രാഹുൽ ആർ. നായർ, റൂറൽ ജില്ലാ പൊലീസ് മേധാവി