oppo
ചെന്നിത്തല

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നിരോധനാജ്ഞ ലംഘിച്ച് യു.ഡി.എഫ് സംഘം ഇന്ന് ശബരിമല കയറും. രാവിലെ 9ന് പത്തനംതിട്ട ടി.ബിയിൽ നിന്ന് സംഘം തിരിക്കും. ഉമ്മൻചാണ്ടി, എം.കെ. മുനീർ, പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, ജോണി നെല്ലൂർ, സി.പി. ജോൺ, ജി. ദേവരാജൻ, ബെന്നി ബഹനാൻ എന്നിവരും സംഘത്തിലുണ്ടാവും.

ഞായറാഴ്ച രാത്രി തീവ്രവാദികളെപ്പോലെ ഭക്തരെ അറസ്റ്റു ചെയ്തത് ന്യായീകരിക്കാനാവില്ല. അതിനാൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. നിരോധനാജ്ഞ അനാവശ്യമാണെന്ന് യോഗശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് തേർവാഴ്ചയാണ് സന്നിധാനത്ത്. നട അടയ്ക്കുമ്പോൾ പിരിഞ്ഞു പോകുമെന്ന് പറഞ്ഞ ഭക്തരെയാണ് അറസ്റ്റു ചെയ്തത്. നാമജപം നടത്തിയവരിൽ ആർ.എസ്.എസുകാർ കാര്യമായിട്ടില്ല. അയ്യപ്പദർശനം പൊലീസ് വിലക്കുകയാണ്. ഭക്തർ തങ്ങുന്നിടത്ത് വെള്ളമൊഴിച്ചു വരെ തടസം സൃഷ്ടിച്ചു. വാവരുടെ നടയിൽ തൊഴുന്നതും തടഞ്ഞു.

നിയന്ത്രണങ്ങൾ ഭയന്ന് ഭക്തർ വരാത്ത സ്ഥിതിയുണ്ട്. ഒരു തീർത്ഥാടന കേന്ദ്രത്തിലും ഈ സ്ഥിതി ഉണ്ടായിട്ടില്ല. പ്രശ്നങ്ങൾ സങ്കീർണമാക്കിയത് മുഖ്യമന്ത്രിയാണ്. ശബരിമലയുടെ മറവിൽ സംഘപരിവാറിന് ചുവപ്പു പരവതാനി വിരിക്കുകയാണ് മുഖ്യമന്ത്രി. വെറുക്കപ്പെട്ട പ്രസ്ഥാനങ്ങളെ വളർത്താനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കൺവീനർ ബെന്നി ബഹനാൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.എം. മാണി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ജോണി നെല്ലൂർ, എൻ.കെ. പ്രേമചന്ദ്രൻ, ജി. ദേവരാജൻ, ഷിബു ബേബി ജോൺ, പി.പി. തങ്കച്ചൻ, എ.എ. അസീസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

മന്ത്രി ജലീലിനെതിരെ പ്രക്ഷോഭം

ബന്ധു നിയമന വിവാദത്തിൽപ്പെട്ട മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തും. യു.ഡി.എഫിലെ യുവജന സംഘടനകൾ 22ന് സെക്രട്ടേറിയറ്റ് ധർണ നടത്തും. നിയമസഭയിലും പ്രതിഷേധിക്കും. ജലീലിന്റെ പൊതുപരിപാടികൾ ബഹിഷ്കരിക്കും.