reshmaa

കൊച്ചി: ചോര ചിന്തിയോ കലാപമുണ്ടാക്കിയോ അയ്യപ്പദർശനത്തിന് പോകുന്നില്ലെന്ന് ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വാർത്തകളിൽ ഇടംപിടിച്ച കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

യുവതികൾ മല കയറേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടാൽ അംഗീകരിക്കും. അതുവരെ മുദ്രമാല അണിഞ്ഞ് വ്രതം തുടരുമെന്ന് രേഷ്മയും ഒപ്പമെത്തിയ കണ്ണൂർ സ്വദേശിനി ഷനില സജീഷും കൊല്ലം സ്വദേശിനി വി.എസ്. ധന്യയും പറഞ്ഞു.
ഓൺലൈൻ ബുക്കിംഗ് വഴി നവംബർ 19ന് ദർശന സമയം ലഭിച്ചതാണെങ്കിലും സാഹചര്യം കണക്കിലെടുത്ത് യാത്ര വേണ്ടെന്ന് വച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. വീട്ടുകാർ തുടക്കത്തിൽ പിന്തുണ നൽകിയെങ്കിലും പിന്നീട് നിലപാട് മാറ്റി. മാലയിട്ട വിവരം പുറത്തു വന്നതു മുതൽ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതായി. കോളേജിലെ അദ്ധ്യാപക ജോലി ഉപേക്ഷിക്കേണ്ടി വന്നെന്നും രേഷ്മ പറഞ്ഞു. നിലമ്പൂർ സ്വദേശി സംഗീതും അപർണ ശിവകാമിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 യുവതികൾക്കെതിരെ പ്രതിഷേധം

ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന യുവതികൾ വാർത്താസമ്മേളനം നടത്തിയ പ്രസ്‌ക്ളബ് പരിസരത്ത് ശബരിമല കർമ്മസമിതി പ്രവർത്തകർ ശരണം വിളികളുമായി അരമണിക്കൂറോളം പ്രതിഷേധിച്ചു. അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയിലാണ് യുവതികൾ പുറത്തിറങ്ങിയത്.