gas
GAS

കൊച്ചി: പ്രകൃതിവാതകം പൈപ്പുകളിലൂടെ വീടുകളിൽ എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതിനുള്ള ടെൻഡർ പദ്ധതി നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പി.എൻ.ജി.ആർ.ബി) ഈമാസം 22ന് വിളിക്കും. മലബാർ ജില്ലകളിലെ സിറ്റി ഗ്യാസ് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും അന്ന് നടക്കും. ഫെബ്രുവരിയിൽ ടെൻഡറുകൾ തുറക്കും. 2019 അവസാനം ടെൻഡർ അനുവദിക്കും.

സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംയുക്ത സംരഭങ്ങൾക്കും ടെൻഡറിൽ പങ്കെടുക്കാം. കൊച്ചി എൽ.എൻ.ജി ടെർമിനലിൽ ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകമാണ് പൈപ്പുകൾ വഴി വിതരണം ചെയ്യുന്നതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള മേധാവിയും ജനറൽ മാനേജരുമായ പി.എസ്. മണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാഹനങ്ങൾക്ക് ഉപയോഗിക്കാവുന്ന സി.എൻ.ജി പമ്പുകളും ഉൾപ്പെട്ടതാണ് പദ്ധതി. പി.എൻ.ജി.ആർ.ബി വിളിക്കുന്ന പത്താമത്തെ ടെൻഡറിലാണ് മൂന്നു ജില്ലകളെ ഉൾപ്പെടുത്തിയത്. വാർത്താസമ്മേനത്തിൽ ഇന്ത്യൻ ഓയിൽ ആദാനി ഗ്യാസ് കേരള മേധാവി അജയ് പിള്ളയും പങ്കെടുത്തു.

മലബാറിലെ ഉൾപ്പെടെ രാജ്യത്തെ പുതിയ സിറ്റി ഗ്യാസ് പദ്ധതികളുടെ നിർമ്മാണോദ്ഘാടനം ഡൽഹി വിജ്ഞാൻഭവനിലാണ് നടക്കുക. 22ന് വൈകിട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വെബ്കാസ്‌റ്റ് വഴി തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിലെ ചടങ്ങിൽ ഉദ്ഘാടനം ചടങ്ങുകൾ അവതരിപ്പിക്കും.

കരാർ ഇന്ത്യൻ ഓയിൽ-അദാനിക്ക്

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മാഹിയിലുമായാണ് മലബാറിലെ പദ്ധതി ആരംഭിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഇന്ത്യൻ ഓയിൽ - അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ. പൈപ്പിടുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിച്ചാലുടൻ നിർമ്മാണം ആരംഭിക്കും.

മലബാറിലെ പദ്ധതി

നിക്ഷേപം : ₹1,200 കോടി

തൊഴിലവസരം : 10,000

പൂർത്തിയാക്കൽ : 8 വർഷത്തിനകം

ലക്ഷ്യമിടുന്ന കണക്ഷൻ : 17,26,971

സി.എൻ.ജി പമ്പുകൾ : 596

കൊച്ചി പദ്ധതി മുന്നോട്ട്

കൊച്ചിയിലാണ് കേരളത്തിൽ തുടക്കമിട്ടത്

നൽകിയ കണക്ഷൻ : 3,000

കണക്ഷൻ ലക്ഷ്യം : 40,700

സി.എൻ.ജി സ്‌റ്റേഷൻ : 4