high
ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ആരാണ് ഇതിന് നിർദ്ദേശം നൽകിയതെന്നും നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്നും ബോധിപ്പിക്കാൻ ആവശ്യപ്പെട്ടു. കാര്യങ്ങൾ വിശദീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനെ ഡിവിഷൻ ബെഞ്ച് വിളിച്ചു വരുത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് ഡി.ജി.പി വിശദമായ സത്യവാങ്മൂലം നൽകണം.

കോടതിയുടെ അനുമതി ഇല്ലാതെയുള്ള നിയന്ത്രണങ്ങൾ ന്യായമല്ലെന്ന് കണ്ടാൽ റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ ഭാഗത്ത് വീഴ്ചയുണ്ടായാൽ എന്തു ചെയ്യണമെന്ന് അറിയാമെന്നും വാക്കാൽ അഭിപ്രായപ്പെട്ടു.

സുരക്ഷയും ക്രമസമാധാന പാലനവും മുൻനിറുത്തി പരിശോധനയും ചോദ്യം ചെയ്യലുമൊക്കെയാകാം. ഭക്തരെ ബുദ്ധിമുട്ടിക്കരുത്. തിരക്ക് നിയന്ത്രിക്കാൻ എസ്.പി - ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുൾപ്പെട്ട കോർ കമ്മിറ്റിക്ക് രൂപം നൽകുന്ന കാര്യത്തിൽ ഇതുവരെ ഒന്നും നടന്നില്ല. സർക്കാരിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമില്ലാത്തതാണ് കോടതിയെ അസ്വസ്ഥമാക്കുന്നതെന്നും പറഞ്ഞു.

പൊലീസ് ഇരിക്കേണ്ടത് ബാരക്കിലാണ്. ഭക്തർക്ക് അനുവദിച്ച സ്ഥലത്തല്ല. പൊലീസിന്റെ ഭാഗത്തുനിന്ന് അമിത ഇടപെടൽ ഉണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും ഇതനുവദിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.

ശബരിമലയിലെ പൊലീസ് അതിക്രമം, കടുത്ത നിയന്ത്രണങ്ങൾ തുടങ്ങിയവക്കെതിരായ ഒരു കൂട്ടം ഹർജികളും ശബരിമല സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ടിന്മേലുള്ള ഹർജിയുമാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്.

ഉച്ചയ്ക്കുശേഷം അഡ്വക്കേറ്റ് ജനറൽ സുധാകര പ്രസാദ് ഹാജരായി കാര്യങ്ങൾ ധരിപ്പിച്ചു. കഴിഞ്ഞ ദിവസം നടപ്പന്തലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചവർ ആർ.എസ്.എസ്, ഹിന്ദു ഐക്യവേദി, എ.ബി.വി.പി പ്രവർത്തകരാണെന്ന് തിരിച്ചറിഞ്ഞെന്നും സാമൂഹ്യ വിരുദ്ധരെ തടയാനാണ് നടപടികൾ സ്വീകരിച്ചതെന്നും വിശദീകരിച്ചു. ശബരിമലയിൽ വിവിധ ദിവസങ്ങളിൽ പാർട്ടിക്കാർക്ക് ചുമതല നിശ്ചയിച്ച് ബി.ജെ.പി നേതൃത്വം ഇറക്കിയ സർക്കുലറും എ.ജി കോടതിയിൽ ഹാജരാക്കി. തുടർന്ന് ശബരിമലയെ യുദ്ധ മേഖലയാക്കുന്നതിൽ ഹർജിക്കാരടക്കം എല്ലാവർക്കും പങ്കുണ്ടെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

വിജയ് സാക്കറേ, ശിവ വിക്രം, പ്രദീപ് കുമാർ എന്നീ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തിരക്ക് നിയന്ത്രിക്കുന്നതെന്നും ഇവർക്ക് മുൻ പരിചയം ഉണ്ടെന്നും എ.ജി വിശദീകരിച്ചു. ശബരിമലയിൽ സാമൂഹ്യ വിരുദ്ധർക്ക് വ്യക്തമായ അജണ്ട ഉണ്ടാകാമെന്നും പക്ഷേ, കോടതിക്ക് ഭക്തരുടെ കാര്യത്തിലാണ് താല്പര്യമെന്നും ഹൈക്കോടതി പറഞ്ഞു.

ഹർജികൾ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

വിധി നടപ്പാക്കാൻഉചിതമായ നടപടി വേണം

സുപ്രീം കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും തലയിൽ കുറ്റം ചാരാനാണ് സർക്കാർ ശ്രമിക്കുന്നത്. വിധി നടപ്പാക്കുന്നതിന് ഉചിതമായ നടപടി സർക്കാരിന് ആലോചിക്കാം. പ്രത്യേക ക്യൂവോ, പ്രത്യേക സമയമോ പരിഗണിക്കാം. പ്രശ്നങ്ങളുണ്ടാവുന്നത് കർശനമായി തടയണം. ചെറിയൊരു തീപ്പൊരി മതി വലിയ പ്രശ്നമായി മാറാൻ. അതിന് തിരികൊളുത്തുന്നവർ കാട്ടിൽ അപ്രത്യക്ഷമാവുകയും ചെയ്യും. - ഡിവിഷൻ ബെഞ്ച് ഒാർമ്മപ്പെടുത്തി.

കോടതി ഉന്നയിച്ച ചോദ്യങ്ങൾ