പിറവം: ഞായറാഴ്ചത്തെ ശക്തമായ മഴയിലും കാറ്റിലും പെട്ട് നരസഭാ പ്രദേശങ്ങളിൽപ്പെട്ട അൻപതോളം വീടുകൾക്ക് നാശം .അഞ്ചോളം വീടുകൾ പൂർണമായി തകർന്നപ്പോൾ നാൽപ്പത്തി അഞ്ചോളം വീടുകൾ ഭാഗികമായി നശിച്ചു.
നഗരസഭ 27-ാം ഡിവിഷനിൽ മാമലക്കവലയിൽ വേലമ്പായിൽ മോഹനന്റെ വീട് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും പെട്ട് തകർന്നു. ആഞ്ഞിലിമരം മോഹനന്റെെ വീട്ടിലേക്ക് മറിഞ്ഞ് വീണ് മേൽക്കൂര പൂർണമായി തകരുകയായിരുന്നു. നഗരസഭാ പദ്ധതി പ്രകാരം അടുത്തിടെ നിർമ്മിച്ച ശൗചാലയവും നശിച്ചു. വാർഡ് കൗൺസിലർ ബെന്നി.വി.വർഗീസും സ്പെഷ്യൽ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി.മോഹനന് വീട് പണിയുന്നതിനുള്ള അടിയന്തിര സഹായം അനുവദിക്കണമെന്ന് ബെന്നി വർഗീസ് ആവശ്യപ്പെട്ടു. രോഗികളായ മോഹനനും ഭാര്യയും അപകടസമയത്ത് വീട്ടിലില്ലാതിരുന്നതുകൊണ്ട് വലിയ അത്യാഹിതം ഒഴിവായെന്ന് കൗൺസിലർ പറഞ്ഞു.