ആലുവ: യൂണിയൻ ബാങ്ക് ആലുവ ശാഖ അസി. മാനേജർ അങ്കമാലി സ്വദേശിനി സിസ് മോൾ (36) ബാങ്ക് ലോക്കറിലെ രണ്ടര കോടിയോളം രൂപയുടെ സ്വർണവുമായി മുങ്ങി. ഇടപാടുകാരിൽ നിന്നു ബാങ്ക് ഈടായി സ്വീകരിച്ച 128 പേരുടെ 8.852 കിലോ സ്വർണമാണ് മോഷ് ടിച്ചത്. ഇവരുടെ ഭർത്താവ് സജിത്തിനെയും കാണാതായിട്ടുണ്ട്.
ശനിയാഴ്ച രാത്രി ബാങ്ക് മാനേജർ ഷൈജി നൽകിയ പരാതിയെ തുടർന്ന് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ബാങ്കിൽ പണയ ഇടപാടുകളുടെ ചുമതലക്കാരി സിസ് മോളാണ്.
ലോക്കറിൽ നിന്നു പലപ്പോഴായി ഉരുപ്പടികൾ കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വയ്ക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പണയപ്പണ്ടം തിരിച്ചെടുത്തയാൾക്ക് സംശയം തോന്നിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് പരിശോധിച്ചപ്പോൾ 128 പേരുടെ കവറുകളിൽ മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായി.
തട്ടിപ്പ് കണ്ടെത്തിയ ദിവസം ഇവർ എറണാകുളത്ത് ബാങ്കിന്റെ പരിശീലനത്തിലായിരുന്നു. ശനിയാഴ്ച മുതൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുടുംബസമേതം മുങ്ങി. തട്ടിപ്പിൽ ഭർത്താവിന് പങ്കുണ്ടോയെന്ന് വ്യക്തമല്ലെന്ന് സി.ഐ വിശാൽ ജോൺസൺ പറഞ്ഞു. എറണാകുളത്തെ ഷെയർ മാർക്കറ്റിലെ ഇടപാടുകാരനാണ് സജിത്ത്.
ബാങ്കിലെ മറ്റ് ജീവനക്കാരെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ആറ് വർഷം മുമ്പ് എടയാറിലെ മറ്റൊരു ദേശസാത്കൃത ബാങ്കിൽ സമാന തട്ടിപ്പ് നടന്നിരുന്നു. ഈ കേസിലെ പ്രതി ജയിലിൽ നിന്നിറങ്ങിയ ശേഷം ആർഭാട ജീവിതം നയിക്കുകയാണ്.