jacobite

കോലഞ്ചേരി: യാക്കോബായ സഭാ നേതൃത്വ തിരഞ്ഞെടുപ്പിൽ ഇരു പക്ഷത്തിനും വിജയം. മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി ശ്രേഷ്ഠ കാത്തോലിക്കാ ബാവ വിജയിച്ചു. വൈദിക ട്രസ്റ്റിയായി (സഭാ സെക്രട്ടറി) ബാവയുട‌െ പാനലിൽ നിന്നും മൽസരിച്ച അഡ്വ. പീറ്റർ കെ. ഏലിയാസ് വിജയിച്ചു.

മറുപക്ഷത്തെ മോർ തീമോത്തിയോസിന്റെ പാനലിൽ നിന്നും സഭാ ട്രസ്റ്റിയായി സി.കെ ഷാജി ചുണ്ടയിലും, വൈദിക ട്രസ്റ്റിയായി ഫാ.സ്ളീബ പോൾ വട്ടവേലിയും തിരഞ്ഞെടുക്കപ്പെട്ടു. 2040 പേർ വോട്ടു രേഖപ്പെടുത്തി.

16 വർഷങ്ങൾക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെയും സഭയിലെ ഏറ്റവും മുതിർന്ന മെത്രാപ്പൊലീത്തയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്തയുടെയും പാനലുകൾ തമ്മിലായിരുന്നു മത്സരം. മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ബാവയും തീമോത്തിയോസുമാണ് മൽസരിച്ചത്.

സഭയിലെ അറുനൂറോളം പള്ളികളിൽ നിന്നുള്ള പ്രതിനിധികളാണ് ഇന്നലെ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ സമ്മേളിച്ചത്. സഭാതർക്കത്തിലെ സുപ്രീംകോടതി വിധികളെ തുടർന്ന് നിലനില്പ് ഭീഷണിയിലായ സഭയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്