കൊച്ചി : ശബരിമലയിൽ പൊലീസിന്റെ നടപ്പന്തൽ വിലക്ക് ഭാഗികമായി ഹൈക്കോടതി നിരാകരിച്ചു. പമ്പയിലേക്ക് ഇരുപത്തിനാലു മണിക്കൂറും ബസ് സർവീസ് നടത്താനും നിർദേശിച്ചു.
നടപ്പന്തലിൽ വയോധികരും സ്ത്രീകളും കുട്ടികളും ശാരീരിക ദൗർബല്യമുള്ളവരും വിശ്രമിക്കുന്നത് തടയരുതെന്ന് കോടതി നിർദേശം നൽകി. സന്നിധാനത്ത് എത്ര പേർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനും സൗകര്യമുണ്ടെന്ന് വ്യക്തമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽകണം.
പ്രളയകാലത്ത് ഒന്നിച്ചു നിന്നവരാണ് നാം. എല്ലാവരും സഹകരിക്കണം. ശബരിമലയെ വിഭാഗീതയ്ക്കായി ഉപയോഗിക്കരുതെന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു.
നിലയ്ക്കൽ - പമ്പ റൂട്ടിൽ ഒരോ മിനിട്ട് ഇടവിട്ട് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയതാണ്. നിയന്ത്രണങ്ങളുടെ പേരിൽ സർവീസ് സമയം വെട്ടിക്കുറച്ചു. ഇതനുവദിക്കില്ല. നിലയ്ക്കൽ - പമ്പ റൂട്ടിൽ 24 മണിക്കൂറും കെ.എസ്.ആർ.ടി.സി സർവീസ് നടത്തണം.
ഭക്തരെ ഓടിച്ചുവിടലല്ല
പൊലീസ് ജോലി
നടയടച്ചു കഴിഞ്ഞ് സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ഭക്തരെ ഒാടിച്ചു വിടുന്നതെന്തിനാണ് ? നടയടച്ചും ഭക്തരെ ഒാടിച്ചുവിട്ടും പൊലീസ് ഡ്യൂട്ടി എളുപ്പമാക്കേണ്ട. സുരക്ഷാ പരിശോധനകൾ ആകാം. പ്രശ്ന പരിഹാരത്തിനായി ഭക്തരെ ഒഴിപ്പിക്കേണ്ട. പകരം വെല്ലുവിളികളെ നേരിടുകയാണ് വേണ്ടത്.
കേന്ദ്രത്തെയും കക്ഷിയാക്കാം
സുരക്ഷാ പ്രശ്നമുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ സർക്കുലറിനെക്കുറിച്ച് സംസ്ഥാന സർക്കാർ വ്യക്തമാക്കിയതിനാൽ കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷിയാക്കുന്നത് പരിഗണിക്കും.
ശബരിമലയിൽ ഇടതു - വനിതാ സംഘടനകളുടെ നേതൃത്വത്തിൽ കടന്നു കയറ്റമുണ്ടാകുമെന്നാണ് കേന്ദ്ര സർക്കുലറിലുള്ളതെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പറഞ്ഞു.
അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങൾ
ചിലർ പ്രശ്നമുണ്ടാക്കാനും ശബരിമലയുടെ പവിത്രത നശിപ്പിക്കാനും ശ്രമിക്കുന്നതാണ് നടപടിക്ക് കാരണമെന്ന് സർക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വാദിച്ചു.
4000 ഭക്തർക്ക് സന്നിധാനത്ത് വിശ്രമിക്കാൻ സൗകര്യമുണ്ട്. അന്നദാന മണ്ഡപം, മാഗുണ്ട നിലയം, മരാമത്ത് കോംപ്ളക്സിന് എതിർ വശത്തുള്ള സ്ഥലം എന്നിവിടങ്ങളിലാണ് സൗകര്യങ്ങൾ.
സന്നിധാനത്തെ മുറികൾ പൂട്ടിയിട്ടെന്ന ആരോപണം ശരിയല്ല. ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസം നട തുറന്നപ്പോൾ മാത്രമാണ് മുറികൾ നൽകാതിരുന്നത്. ഭക്തർക്ക് ദർശനത്തിന് തടസമില്ല. കഴിഞ്ഞ ദിവസം നടപ്പന്തലിൽ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. പരാജയപ്പെട്ടതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും എ.ജി വിശദീകരിച്ചു.
കടകൾ അടച്ചിടാൻ പൊലീസ് നിർദേശിച്ചെങ്കിലും ഇതു നിഷേധിച്ചെന്ന് ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ വിശദീകരിച്ചു.
ഹർജിക്കാരുടെ പരാതികൾ
കാനനപാതയിൽ ഇരിക്കാൻ പോലും ഭക്തരെ അനുവദിക്കുന്നില്ലെന്നും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഹർജിക്കാർ വാദിച്ചു. ഇരുമുടിക്കെട്ടു വരെ അഴിച്ചു പരിശോധിക്കുന്നു. ശരണം വിളിക്കുന്നതു പോലും നിരോധിച്ചു. ദേവസ്വം ബോർഡിന് ശബരിമലയിൽ നിയന്ത്രണമില്ലാതായി. സർക്കാരാണ് നിയന്ത്രിക്കുന്നത്. ശബരിമലയെ പൊലീസ് ക്യാമ്പാക്കി മാറ്റി. ഇക്കാര്യത്തിൽ ഡി.ജി.പിയെ ഹൈക്കോടതി വിളിച്ചു വരുത്തി വിശദീകരണം തേടണം.