mvpa-173
ബ്രഹ്മശ്രീ മനയത്താറ്റ് നാരായണന്‍ നമ്പൂതിരി മങ്ങാട്ട് മസ്ജിദ് ഇമാം അബ്ദുല്‍ അസീസ് അഹ്‌സനിക്ക് പായസം നൽകി പായസ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ശിവദാസന്‍ നമ്പൂതിരി ,ശങ്കരന്‍ നമ്പൂതിരി ,ടി.എം. അലിയാര്‍, സമദ് എന്നിവർ സമീപം

മൂവാറ്റുപുഴ: നബി​ദിന ഘോഷയാത്രയ്ക്കു ക്ഷേത്ര നടയിൽ മധുരമായ വരവേൽപ്പ്. മൂവാറ്റുപുഴ മങ്ങാട്ട് ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ നടക്കുന്ന നബദിന ഘോഷയാത്രയ്ക്കാണ് മൂവാറ്റുപുഴക്കാവ് ക്ഷേത്രകവാടത്തി​ൽ സ്വീകരണം നൽകി​ മതമൈത്രിയുടെ അനുകരണീയ മാതൃകയായത്.

പ്രവാചക പ്രകീർത്തനങ്ങൾ ചൊല്ലിയെത്തി​യ മദ്രസാ വിദ്യാർത്ഥികൾക്ക് പായസം നൽകി ക്ഷേത്ര ഭാരവാഹികൾ നബിദിനാശംസകൾ നേർന്നു. ക്ഷേത്ര കവാടത്തിൽ ഘോഷയാത്രയ്ക്ക് അൽപനേരം വിശ്രമമാണ്. ക്ഷേത്രം ഭാരവാഹികളും ക്ഷേത്ര വിശ്വാസികളും ചേർന്ന് ഘോഷയാത്രയിൽ പങ്കെടുത്തവർക്കും നാട്ടുകാർക്കും പായസം വിതരണം ചെയ്തു. പരസ്പര സ്‌നേഹവും മതസൗഹാർദവും നിലനിർത്തുക എന്ന ലക്ഷ്യവുമായാണ് പായസ വിതരണം നടത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മനയത്താറ്റ് നാരായണൻ നമ്പൂതിരി മങ്ങാട്ട് മസ്ജിദ് ഇമാം അബ്ദുൽ അസീസ് അഹ്‌സനിക്ക് പായസം നൽകി ഉദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴക്കാവ് ക്ഷേത്രം കാര്യദർശി ശിവദാസൻ നമ്പൂതിരി ,ശങ്കരൻ നമ്പൂതിരി ,മങ്ങാട്ട് മഹൽ കമ്മിറ്റി പ്രസിഡന്റ് ടി.എം. അലിയാർ, സെക്രട്ടറി സമദ് എന്നിവർ സംസാരിച്ചു. രമേശ് ശാസ്തമംഗലം, ശ്രീകാന്ത്, സജി, രതീഷ്, അപ്പു, സുരേഷ് പാലപ്പിള്ളി, രാജൻ തുടങ്ങിയവർ നേതൃത്യം നൽ കി.