ആലുവ: നഗരഹൃദയമായ ബ്രിഡ്ജ് റോഡിൽ പാലഭാഗത്തായി മാലിന്യം കുമിഞ്ഞുകൂടിയിട്ടും നീക്കാൻ നടപടിയില്ല.
മെട്രൊ സ്‌റ്റേഷൻ, ആശുപത്രികൾ, മാദ്ധ്യമ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന മൂന്നിടത്താണ് മാലിന്യം കുമിഞ്ഞുകൂടിയിട്ടുള്ളത്. പ്ളാസ്റ്റിക് കവറുകളിലാക്കി രാത്രിയുടെ മറവിലാണ് മാലിന്യം തള്ളുന്നത്. നഗരസഭയുടെ വാഹനം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മാലിന്യം നീക്കുന്നുണ്ടെങ്കിലും ബ്രിഡ്ജ് റോഡിന്റെ കാര്യത്തിൽ ഗൗരവം കാണിക്കുന്നില്ല. വ്യാപാരികളും നഗരവാസികളും പലവട്ടം നഗരസഭ അധികൃതരോടും കൗൺസിലറോടും പരാതി പറഞ്ഞെങ്കിലും പരിഹാരമില്ലാത്ത അവസ്ഥയാണ്.
നഗരത്തിൻെറ പല ഭാഗങ്ങളിൽ നിന്നായി മാലിന്യം ഇവിടെ ഉപേക്ഷിക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു. പ്രളയത്തിൽ പ്രവർത്തനം നിലച്ച വ്യാപാരശാലകളുടെയും മറ്റും മുന്നിലാണ് ഇവ കൊണ്ടുവന്ന് തള്ളുന്നത്. മെട്രോ സ്റ്റേഷന് എതിർവശം ബൈപ്പാസിലാണ് പ്രധാന മാലിന്യ കൂമ്പാരം. കേരളകൗമുദി ഉൾപ്പെടെ വിവിധ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം ലോഡ്ജുകളിൽ നിന്നുള്ള മാലിന്യമാണ് തള്ളിയിരിക്കുന്നത്. മറ്റൊരു മാലിന്യ കൂമ്പാരം ബാങ്ക് കവലയിലാണ്. മാലിന്യം കെട്ടികിടക്കുന്നതിനാൽ നടപ്പാത ഉപയോഗിക്കാൻ കഴിയുന്നില്ല.
മുൻ നഗരസഭാ ചെയർമാൻ കൂടിയായ കൗൺസിലറും മാലിന്യ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.