കൊച്ചി : ശബരിമല വിഷയത്തിൽ നിലയ്ക്കലിൽ ബി.ജെ.പി സമരം വീണ്ടും ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിശ്വാസികളും ശബരിമല കർമ്മസമിതിയും സംഘടിപ്പിക്കുന്ന എല്ലാ സമരങ്ങൾക്കും ബി.ജെ.പി പിന്തുണ നൽകും. ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കുക, പൊലീസ് രാജ് അവസാനിപ്പിക്കുക, ആരാധനാ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും.
25 മുതൽ 30 വരെ എൻ.ഡി.എയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം സംഘടിപ്പിച്ച് ശബരിമലയിലെ സർക്കാർ നടപടിക്കെതിരെ ഒരു കോടി ഒപ്പു ശേഖരിച്ച് ഗവർണർക്ക് കൈമാറും. ഡിസംബർ അഞ്ചു മുതൽ പത്തുവരെ കേരളമൊട്ടാകെ ശബരിമല സംരക്ഷണ സദസുകൾ സംഘടിപ്പിക്കും.
ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹർജി ജനങ്ങളെ കബളിപ്പിക്കാനാണ്. ബോർഡിന്റെയും സർക്കാരിന്റെയും നീക്കം ആശങ്കയോടെയാണ് ബി.ജെ.പി കാണുന്നത്. ശബരിമലയിൽ കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഭരണഘടനാ ലംഘനമാണ്. കേന്ദ്ര ഇന്റലിജൻസ് നൽകുന്ന രഹസ്യവിവരങ്ങൾ മുഖ്യമന്ത്രി പരസ്യമാക്കുന്നത് ശരിയല്ല. ശബരിമലയിൽ ക്രമസമാധാനം ശ്രദ്ധിക്കണമെന്ന നിർദ്ദേശമാണ് ഇന്റലിജൻസ് നൽകിയതെന്നും ശ്രീധരൻപിള്ള പറഞ്ഞു.