കൊച്ചി: പ്രളയബാധിതർക്ക് വീടുകൾ നിർമ്മിക്കാൻ ധനസമാഹരണത്തിന് റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ നടത്തിയ രണ്ടാമത് ആർ.സി.ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിൽ വെള്ളിത്തിര ഇലവൻ ടീം ചാമ്പ്യന്മാരായി. കളമശേരി രാജഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ മാസ്റ്റർ ബ്ലാസ്റ്റേഴ്‌സ് ടീമിനെയാണ് 71 റൺസിന് തോൽപ്പിച്ചത്. വെള്ളിത്തിര ഇലവനിലെ അഭിമന്യു പ്ലെയർ ഒഫ് ദി ടൂർണ്ണമെന്റായും അർജുൻ രവീന്ദ്രൻ ബെസ്റ്റ് ബാസ്റ്റ്മാനും ഓർത്തോ ഇലവൻ ടീമിലെ ഡോ. ജിബിൻ ബെസ്റ്റ് ബോളറായും വെള്ളിത്തിര ടീമിലെ നവജിത് നാരായണൻ മാൻ ഫ് ദി ഫൈനലായും തിരഞ്ഞെടുക്കപ്പെട്ടു.
റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ജോസ് ചാക്കോ, മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം ക്യാപ്ടൻ കെ. ജയറാം, റോട്ടറി അസി. ഗവർണർ മനോജ് ഇല്ലിക്കാട്ട്, ഐ.എഫ്.സി.ആർ ഡിസ്ട്രിക്ട് 3201 സെക്രട്ടറി ഡോ. അരുൺബാബു, ഇ.ഡി.സി.എ സെക്രട്ടറി പ്രൊഫ. എഡ്‌വിൻ ജോസഫ്, റോട്ടറി ക്ലബ്ബ് ഇന്റർനാഷണൽ പ്രസിഡന്റ് മാത്യു. കെ.ടി, സെക്രട്ടറി ആർ.ബി.എസ് പിള്ള, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പി.വി. ചന്ദ്രശേഖരൻ, എബ്രഹാം ജോർജ്, സതീഷ് നായർ തുടങ്ങിയവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.