കൊച്ചി: ഇന്നലെ പുലർച്ചെ നിര്യാതനായ വയനാട് എം.പിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.ഐ. ഷാനവാസിന് ആയിരങ്ങളുടെ ആദരാഞ്ജലി. എറണാകുളം നോർത്തിലെ വസതിയിലും ടൗൺ ഹാളിലും പൊതുദർശനത്തിന് വച്ച മൃതദേഹം ഇന്നു രാവിലെ 10ന് കലൂർ തോട്ടത്തുംപടി ഖബർസ്ഥാനത്തിൽ അടക്കം ചെയ്യും.

ചെന്നൈ ഡോ. റെയ്ല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സെന്ററിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. കരൾരോഗത്തിന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഈ മാസം രണ്ടിന് കരൾ മാറ്റിവച്ചെങ്കിലും അണുബാധ മൂലം ആരോഗ്യസ്ഥിതി വഷളായി. മകൾ ആമിനയാണ് കരൾ നൽകിയത്.

ഇന്നലെ ഉച്ചയ്ക്ക് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തെ വസതിയായ നൂർജഹാൻ മൻസിലിൽ മൃതദേഹം കൊണ്ടുവന്നു. മൂന്നു മുതൽ രാത്രി എട്ടു വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുൾപ്പടെ നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു.

ഭാര്യ : ജുബൈരിയത്ത് ബീഗം. മക്കൾ: ആമിന, ഹസീബ്. മരുമക്കൾ : എ.പി.എം മുഹമ്മദ് ഹനീഷ് (മാനേജിംഗ് ഡയക്ടർ, കൊച്ചി മെട്രോ ), തെസ്ന.

ആലപ്പുഴ വഴി മലബാറിലേക്ക്

തിരുവല്ല നീരേറ്റുപുറത്ത് 1952 ൽ അഡ്വ. ഇബ്രാഹിം കുട്ടിയുടേയും നൂർജഹാൻ ബീഗത്തിന്റെയും മകനായി ജനിച്ച ഷാനവാസിന്റെ കുടുംബം പിതാവിന്റെ അഭിഭാഷകവൃത്തിയുമായി ബന്ധപ്പെട്ട് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിനു സമീപം നീരേറ്റു നടുമ്പത്ത് സ്ഥിരതാമസമായി.

സ്കൂൾ വിദ്യാഭ്യാസവും പ്രീഡിഗ്രിയും ആലപ്പുഴയിലായിരുന്നു. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ളീഷിൽ എം.എയും എറണാകുളം ലാ കോളേജിൽ നിന്ന് എൽ.എൽ.ബിയും സ്വന്തമാക്കി. താമസിയാതെ എറണാകുളത്ത് സ്ഥിരതാമസമായി.

കെ.എസ്.യുവിലായിരുന്നു രാഷ്ട്രീയ തുടക്കം. ഫറൂഖ് കോളജ് യൂണിയൻ ചെയർമാനായി. 1972 ൽ കലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാനായി. 1983 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി. സേവാദൾ ഭാരവാഹിയായും പ്രവർത്തിച്ചു. 1983 മുതൽ കെ.പി.സി.സി ജോയിന്റ് സെക്രട്ടറിയായ ഷാനവാസ് 85 ൽ വൈസ് പ്രസിഡന്റുമായി. ഏതാനും മാസം മുമ്പാണ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായത്.

മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു ലീഡർ കെ. കരുണാകരന്റെ ഉറ്റ അനുയായിയായിരുന്ന ഷാനവാസ്. പിന്നീട് പാർട്ടിയിലെ തിരുത്തൽവാദികളിൽ പ്രധാനിയായും മാറി.

 വയനാട്ടിൽ റെക്കാഡ് ജയം

2009ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട് റെക്കാഡ് ഭൂരിപക്ഷത്തിലാണ് ഷാനവാസിന്റെ ജയം. പാർലമെന്റിലേക്കുള്ള ആദ്യ മത്സരത്തിൽ 1,53,439 വോട്ടാണ് ഭൂരിപക്ഷം. 2014ലെ രണ്ടാം മത്സരത്തിൽ 20,870 വോട്ടിന് സി.പി.ഐയിലെ സത്യൻ മൊകേരിയെ പരാജയപ്പെടുത്തി. എം.പിയായിരിക്കെ വിവിധ പാർലമെന്ററി കമ്മറ്റികളിലും ഉപദേശക സമിതികളിലും അംഗമായിരുന്നു.

1987,1991 വർഷങ്ങളിൽ വടക്കേക്കര, 1996 ൽ പട്ടാമ്പി നിയമസഭാ മണ്ഡലങ്ങളിലും 1999 ലും 2004 ലും ചിറയൻകീഴിൽ പാർലമെന്റിലേക്കും മത്സരിച്ചെങ്കിലും ജയിക്കാനായില്ല.