തൃപ്പൂണിത്തുറ: നഗരത്തിൽ വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഹിൽപാലസ് പൊലീസിന്റെയും തൃപ്പൂണിത്തുറ ജോയിന്റ് റീജിണൽ ട്രാൻസ്‌പോർട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ വാഹന പരിശോധന കർശനമാക്കി.
സ്വകാര്യ ബസുകളിൽ ഡ്രൈവർമാർ നിയന്ത്രിക്കുന്ന മെക്കാനിക്കൽ ഡോറുകൾ നിർബന്ധമായും പിടിപ്പിക്കണമെന്നുള്ള ഹൈക്കോടതി വിധി പാലിക്കാതെയും മതിയായ ജീവനക്കാരെ നിയമിക്കാതെയും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു.
ഇന്നലെ തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ ബസുകൾ ഉൾപ്പെടെയുള്ള 62 വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. വരും ദിനങ്ങളിലും ട്രാഫിക് നിയമ ലംഘകർക്കെതിരെ കർശനമായ നിയമ നടപടി തുടരും.
ഹിൽപാലസ് എസ്. ഐ. കെ.ആർ. ബിജു, കെ.എ. റഷീദ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ജോഷി ടി.എക്സ്, ദീപു എൻ.കെ. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ബിജോയ് പീറ്റർ, ബ്രൈറ്റ് ഇമ്മാനുവൽ, രഞ്ജിത്ത്, മനോജ് അരുൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.