kerala-highcourt
Kerala Highcourt

കൊച്ചി : ശബരിമലയിൽ ഭക്തർ ഒറ്റയ്ക്കോ കൂട്ടമായോ ശരണം വിളിക്കുന്നത് പൊലീസ് തടയരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ ചോദ്യം ചെയ്ത് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എം.കെ. ഗോപിനാഥ് ഉൾപ്പെടെ സമർപ്പിച്ച ഹർജികളിലാണ് ദേവസ്വം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിന് കാരണമായ പൊലീസ് റിപ്പോർട്ടുകൾ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഹർജികൾ പത്ത് ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

നിരോധനാജ്ഞയുടെ പേരിൽ ശരണം വിളിക്കാൻ പോലും ഭക്തരെ പൊലീസ് അനുവദിക്കുന്നില്ലെന്നും നിയന്ത്രണങ്ങൾ വ്യക്തമാക്കി നോട്ടീസ് നൽകിയാണ് ഭക്തരെ മല കയറാൻ അനുവദിക്കുന്നതെന്നും ഹർജിക്കാർ രാവിലെ വാദിച്ചു.

യഥാർത്ഥ ഭക്തരെ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം പ്രശ്നക്കാരാണെന്ന് കണ്ടെത്തിയവർക്കാണ് നോട്ടീസ് നൽകുന്നതെന്നും അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. തുടർന്ന് പൊലീസിന്റെ വിശദീകരണത്തിനായി ഹർജികൾ ഉച്ചയ്ക്കു ശേഷം പരിഗണിക്കാൻ മാറ്റി. ശബരിമലയിലെ സ്ഥിതിഗതികൾ വ്യക്തമാക്കി ഡി.ജി.പിയും ഐ.ജി വിജയ് സാക്കറെയും നൽകിയ റിപ്പോർട്ടുകൾ എ.ജി ഹാജരാക്കി.

ശബരിമലയിൽ ഭക്തർക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും പ്രതിഷേധങ്ങൾക്കും നിയമവിരുദ്ധമായി ഒത്തു ചേരലിനുമൊക്കെയാണ് നിരോധനമുള്ളതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇതുവരെ 1.64 ലക്ഷം ഭക്തർ ദർശനം നടത്തി. 34 പ്രശ്നക്കാർക്ക് മാത്രമാണ് നോട്ടീസ് നൽകിയത്. കെ.പി. ശശികലയ്ക്കും കൊല്ലം ജില്ലയിൽ നിന്നുള്ള എട്ട് ആർ.എസ്.എസ് പ്രവർത്തകർക്കും നോട്ടീസ് നൽകിയിരുന്നു.

 ഭക്തർ ദർശനം നടത്താതെ

മടങ്ങിയത് എന്തുകൊണ്ട്?

മുംബയിൽ നിന്ന് എത്തിയ 110 പേരടങ്ങിയ അയ്യപ്പഭക്തരുടെ സംഘം കടുത്ത നിയന്ത്രണങ്ങളെത്തുടർന്ന് ദർശനം നടത്താതെ മടങ്ങിയതും കോടതി ചൂണ്ടിക്കാട്ടി. വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിൽ 33 കന്നി അയ്യപ്പൻമാരുണ്ടായിരുന്നു. വസ്തുതകളറിയില്ലാത്തതിനാൽ ഉത്തരവാദിത്വത്തിന്റെ ചുമതല ആരുടെയും മേൽ ചുമത്താൻ കോടതി ഉദ്ദേശിക്കുന്നില്ല. ഇൗ ദുരവസ്ഥയ്ക്ക് ഹർജിക്കാരടക്കം എല്ലാവർക്കും കൂട്ടുത്തരവാദിത്വം ഉണ്ടെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി.