flat-exchange

കൊച്ചി: കാലപ്പഴക്കം ചെന്ന ഫ്ളാറ്റുകൾ സെക്കൻഡ് ഹാൻഡ് വിലയിൽ വിറ്റും പൊളിച്ച് പുതിയത് നിർമ്മിച്ചും നൽകുന്ന പദ്ധതി അസറ്റ് ഹോംസ് നടപ്പാക്കുന്നു. വാഹനങ്ങളും സ്വർണാഭരണങ്ങളും മൊബൈൽ ഫോണും മാറി പുതിയത് വാങ്ങുന്നതുപോലെ പഴയ ഫ്‌ളാറ്റുകൾ കൈമാറി പുതിയത് വാങ്ങാവുന്നതും ഉൾപ്പെട്ടതാണ് പദ്ധതി.

നിലവിലുള്ള ഫ്‌ളാറ്റോ വീടോ സ്ഥലമോ കൈമാറ്റം ചെയ്ത് അസറ്റ് ഹോംസിന്റെ പുതിയ ഫ്‌ളാറ്റോ വില്ലയോ സ്വന്തമാക്കാൻ അവസരം കൂടുമാറ്റം എന്ന പദ്ധതിയിലൂടെ ലഭിക്കുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ അറിയിച്ചു. മുംബയ് പോലെ വൻനഗരങ്ങളിൽ പ്രചാരത്തിലുള്ള രീതിയാണിത്.


നിലവിലെ സ്ഥലവും വീടും വിൽക്കാനും പഴയ അപ്പാർട്ടുമെന്റ് കെട്ടിടങ്ങൾ മൊത്തത്തിൽ പൊളിച്ചു പുതിയത് പണിതും നൽകും. കേരളത്തിൽ 30 വർഷം മുമ്പാണ് ഫ്ളാറ്റ് സംസ്‌കാരം ആരംഭിച്ചത്. അക്കാലത്ത് നിർമ്മിച്ചവ കൈമാറി കൂടുമാറ്റം പദ്ധതിയിൽ ആധുനിക ശൈലിയിലുള്ള പാർപ്പിടങ്ങൾ സ്വന്തമാക്കാനും കഴിയും.

ഫ്ളാറ്റോ വീടോ വസ്തുവോ വിൽക്കാൻ താല്പര്യമുള്ളവർക്ക് ഈ മാസം 25 ന് എളംകുളത്തെ ഹോട്ടൽ റാഡിസൺ ബ്ലൂവിൽ നടക്കുന്ന കൂടുമാറ്റം എക്‌സ്‌പോയിൽ രജിസ്റ്റർ ചെയ്യാം. അസറ്റിന്റെ പുതിയ പദ്ധതികളും എക്‌സ്‌പോയിൽ അവതരിപ്പിക്കും.

പ്രളയത്തെത്തുടർന്ന് വെല്ലുവിളികൾ നേരിടുന്ന കേരളത്തിലെ റിയാൽറ്റി വിപണിക്ക് പുത്തനുണർവ് നൽകാൻ ലക്ഷ്യമിട്ടാണ് കൂടുമാറ്റം പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ളവ വിറ്റഴിച്ച് പുതിയത് വാങ്ങാൻ എസ്ബി.ഐ, എച്ച്.ഡി.എഫ്‌.സി, ഫെഡറൽ ബാങ്ക് എന്നിവയുടെ വായ്പയും ലഭ്യമാക്കുമെന്ന് പദ്ധതിയിൽ പങ്കാളിയായ പ്രോപ് സൊലൂഷ്യൻസ് മാനേജിംഗ് പാർട്ണർ ജയിംസ് തോമസ് പറഞ്ഞു.