malinyam
പ്രളയത്തിൽ ചളിനിറഞ്ഞ പെരിയാർ തീരത്തെ നടപ്പാത കാടുകയറിയ നിലയിൽ

ആലുവ: ലക്ഷക്കണക്കിന് രൂപ മുടക്കി നഗരസഭ നിർമ്മിച്ച പെരിയാർ തീരത്തെ നടപ്പാത പ്രളയമാലിന്യം നീക്കാത്തതിനാൽ ഉപയോഗശൂന്യമായി. ഇവിടെ വള്ളിപ്പടർപ്പുകൾ പടർന്ന് കാൽനട യാത്ര അസാദ്ധ്യമായിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ല. മണപ്പുറം നടപ്പാലം മുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് ശ്രീകൃഷ്ണക്ഷേത്രം കടവുവരെ നീളുന്ന ഒരു കിലോമീറ്റർ നീളത്തിലുള്ള നടപ്പാതയാണ് മലിനമായി കിടക്കുന്നത്. ചില ഭാഗങ്ങളിൽ കൈവരിയുടെ ഉയരത്തിൽ വരെ മണ്ണും മറ്റും നിറഞ്ഞിരിക്കുകയാണ്.

നഗരവാസികൾക്ക് പുഴയോരത്തെ ഈ നടപ്പാത അനുഗ്രഹമായിരുന്നു. പ്രഭാത സവാരിക്കായി നിരവധിയാളുകൾ ഇവിടെയെത്താറുണ്ട്. വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാനും ഇത് ഉപകാരപ്രദമായിരുന്നു. നടപ്പാലം, മുനിസിപ്പൽ പാർക്ക് റോഡ്, മുനിസിപ്പൽ പാർക്ക്, ദേവസ്വം ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് വാക്‌വേയിലേക്കെത്താം. മുനിസിപ്പൽ പാർക്കിലെത്തുന്നവർക്ക് നേരിട്ട് വാക്ക് വെയിലേക്കെത്താൻ കഴിയുമെന്നതിനാൽ ഇവിടെ തിരക്കേറിക്കൊണ്ടിരിക്കുകയായിരുന്നു. പ്രളയം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും നടപ്പാതയുടെ കാര്യത്തിൽ യാതൊരു നടപടിയും അധികൃതർ ചെയ്തിട്ടില്ല.