പറവൂർ : പ്രളയത്തിൽ നശിച്ച പറവൂർ മേഖലയിലെ കൈത്തറി സംഘങ്ങളും ഗോഡൗണുകളും നെയ്ത്തുശാലകളും ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള സന്ദർശിച്ചു. ദുരന്തമേഖലകളിലെ കൈത്തറിയുടെ പുനരുദ്ധാരണത്തിന് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളെ തുടർന്ന് വിവിധ സന്നദ്ധ സംഘടനകളും ഏജൻസികളും സഹായവുമായി എത്തിയിരുന്നു. ഇതിലൂടെ കൈത്തറി സംഘങ്ങൾ തിരിച്ചുവരവിന്റെ പാതയിലായത്.
ഡിസംബർ പതിനഞ്ചിനകം മുഴുവൻ തറികളും പ്രവർത്തന സജ്ജമാകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അഞ്ചു കൈത്തറി സംഘങ്ങളിൽ ഒന്നിലൊഴികെ തറികളെല്ലാം പ്രവർത്തനം തുടങ്ങി. സംഘങ്ങളുടെ തുടർ പ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങൾ അദ്ദേഹം വാഗ്ദാനം ചെയ്തു. കുര്യാപ്പിളളി കൈത്തറി നെയ്ത്ത് സഹകരണ സംഘം, ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണ സംഘം എച്ച് 47, കരിമ്പാടം നെയ്ത്ത് സഹകണ സംഘം എച്ച് 91, പറവൂർ കൈത്തറി നെയ്ത്ത് സംഘം 3428, പറവൂർ ടൗൺ നെയ്ത്ത് സംഘം ഇ വൺ എന്നീ സംഘങ്ങൾ, യാൺ ബാങ്ക്, കരിമ്പാടം, ചെറിയ പല്ലംതുരുത്ത് പ്രദേശങ്ങളിലെ നെയ്ത്ത് തൊഴിലാളികളുടെ വീടുകളും കളക്ടർ സന്ദർശിച്ചു. ടി.എസ്. ബേബി, കെ.പി. സദാനന്ദൻ, പുഞ്ചയിൽ ഗോപി, എ.ഇ. ദാസൻ, സോജൻ, സി.വി. അജിത്കുമാർ, എം.ബി. പ്രിയദർശിനി, ഗിരീഷ് ആനാട്ട് എന്നിവരും ഒപ്പമുണ്ടായിരുന്നു.