sp-yatheesh

കൊച്ചി : ശബരിമലയിലെത്തുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്ന സർക്കാർ ഇവിടേക്ക് നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇക്കാര്യം പരിശോധിക്കാത്തതെന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റുമായി ചുമതലപ്പെടുത്തിയ ഐ.ജി വിജയ് സാക്കറെയ്ക്കും എസ്.പി യതീഷ് ചന്ദ്രയ്ക്കുമെതിരെയാണ് പേരെടുത്തു പറയാതെ ദേവസ്വം ബെഞ്ച് വാക്കാൽ വിമർശനം ഉന്നയിച്ചത്.

സമ്പത്ത് കസ്റ്റഡി മരണക്കേസിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് ഒരാൾ. വൈപ്പിനിൽ ഐ.ഒ.സിയുടെ എൽ.പി.ജി ടെർമിനൽ സമരത്തിനെതിരെ ലാത്തിച്ചാർജ് നടത്തിയതിന് ആരോപണ വിധേയനാണ് മറ്റൊരാൾ. കഴിഞ്ഞ ദിവസം ഇവരുടെ മുൻപരിചയമെന്തെന്ന് വ്യക്തമാക്കാൻ കോടതി നിർദ്ദേശിച്ചത് ഇൗ സാഹചര്യത്തിലാണ്. മൈതാനങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിലുള്ള മുൻപരിചയമല്ല ചോദിച്ചത്. ഖേദത്തോടെ ചോദിക്കട്ടേ, ഇവരെയല്ലാതെ മറ്റാരെയും ശബരിമലയിൽ നിയമിക്കാൻ സർക്കാരിന് കിട്ടിയില്ലേ ? ശബരിമലയിലെത്തുന്നവർക്ക് നോട്ടീസ് നൽകുന്ന സർക്കാർ എന്തുകൊണ്ടാണ് ഇത്തരക്കാരെ ചുമതലയേല്പിച്ചത്?

നിരോധനാജ്ഞ ഭക്തരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് സർക്കാർ പറയുന്നു. മലയാളത്തിലുള്ള ഉത്തരവ് വായിച്ചു മനസിലാക്കുന്നതിലുള്ള പ്രശ്നമാണ് പൊലീസ് ഉദ്യോഗസ്ഥർക്കുള്ളത് ? സമാധാനമായി ശരണം വിളിക്കുന്നത് എങ്ങനെ തടയാൻ കഴിയും ? നടപ്പന്തലിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ വ്യക്തമാക്കാൻ സി.സി ടിവി ദൃശ്യങ്ങൾ നൽകാൻ കഴിയുമോ ? കഴിഞ്ഞ ദിവസം ചില രാഷ്ട്രീയ നേതാക്കൾ എത്തിയപ്പോൾ അവർക്കെതിരെ എന്തുകൊണ്ടാണ് ഇവരിൽ ഒരുദ്യോഗസ്ഥൻ നടപടി എടുക്കാതിരുന്നത്. ഇൗ ഉദ്യോഗസ്ഥന്റെ ശരീരഭാഷ കണ്ടപ്പോൾ കഷ്ടം തോന്നി. ഇൗ വിഷയത്തിൽ കൂടുതൽ പറയാൻ ഉദ്ദേശിക്കുന്നില്ല. എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് വ്യക്തമാക്കണം - ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.

കഴിഞ്ഞ ദിവസം യു.ഡി.എഫ് നേതാക്കൾ നിലയ്ക്കലിലെത്തിയപ്പോൾ പൊലീസ് സ്വീകരിച്ച നിലപാടിനെയാണ് ഹൈക്കോടതി പേരെടുത്തു പറയാതെ വിമർശിച്ചത്.