kamala
തണൽ ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച ആദ്യ വീടിന്റെ താക്കോൽ ഹൈബി ഈഡൻ എം.എൽ.എയും റോട്ടറി ഡിസ്ട്രിക്ട് ഗവർണർ മാധവ് ചന്ദ്രനും ചേർന്ന് കമലാക്ഷിയമ്മയ്ക്ക് കൈമാറുന്നു.

ചേരാം ചേരാനെല്ലൂരിനൊപ്പം ആദ്യ വീടിന്റെ താക്കോൽ കൈമാറി
കൊച്ചി: തണൽ ഭവന പദ്ധതിയിൽ കമലാക്ഷിയമ്മയ്ക്ക് കൂടൊരുങ്ങി. ചേരാനെല്ലൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് ഗോഡൗൺ റോഡിലെ പള്ളത്തുവീട്ടിൽ കമലാക്ഷിയമ്മയും നാലു മക്കൾക്കും ഇനി കെട്ടുറപ്പുള്ള വീട്ടിൽ ഉറങ്ങാം. നിനച്ചിരിക്കാതെയെത്തിയ പ്രളയം കിടപ്പാടവും സ്വപ്നങ്ങളും തകർത്തു. 75 വയസുകാരിയായ കമലാക്ഷിയമ്മയും മാനസിക വൈകല്യങ്ങളുള്ള മൂന്നുപേരടക്കം നാലു മക്കളുമടങ്ങുന്നതാണ് കുടുംബം. മക്കൾ ലോട്ടറി വിറ്റ് ലഭിക്കുന്ന തുച്ഛമായ തുകയും കമലാക്ഷിയുടെ വാർദ്ധക്യകാല പെൻഷനുമാണ് കുടുംബത്തിന്റെ വരുമാനം.
കഴിഞ്ഞ സെപ്റ്റംബർ 12നാണ് കമലാക്ഷിയമ്മയുടെ വീടിന്റെ നിർമ്മാണം ആരംഭിച്ചത്. 69 ദിവസം കൊണ്ട് 600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന്റെ നിർമ്മാണം പൂർത്തിയായി. രണ്ട് അറ്റാച്ച്ഡ് ബെഡ് റൂമുകൾ, അടുക്കള, ഡൈനിംഗ് ഹാൾ, സിറ്റൗട്ട് എന്നിവയുണ്ട്. പ്രളയ ദുരിതാശ്വാസമായി കോൺക്രീറ്റ് സ്ട്രക്ചറിൽ നിർമ്മാണം പൂർത്തീകരിച്ച ആദ്യത്തെ വീടാണെന്ന പ്രത്യേകതയുമുണ്ട്.

പ്രളയം തകർത്ത ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിനെ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ഹൈബി ഈഡൻ എം.എൽ.എ നടപ്പിലാക്കുന്ന 'ചേരാം ചേരാനല്ലൂരിനൊപ്പം' എന്ന കാമ്പയിന്റെ ഭാഗമായാണ് തണൽ ഭവന പദ്ധതി ആരംഭിച്ചത്. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബലാണ് വീടിന്റെ മുഖ്യ പ്രായോജകർ. പഞ്ചായത്തിന്റെ ഭവന പദ്ധതിയിൽ നിന്നുള്ള രണ്ടുലക്ഷം രൂപയ്ക്കു പുറമെ സുമനസുകളുടെ സഹായവും ലഭിച്ചു.
പ്രഷർ കുക്കർ, ബെഡ് ഷീറ്റുകൾ, എമർജൻസി ലൈറ്റുകൾ തുടങ്ങിയവയുൾപ്പെടുന്ന ഷെൽട്ടർ ബോക്സും റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബൽ കമലാക്ഷിക്ക് കൈമാറി. ഹൈബി ഈഡനും റോട്ടറി ഡിസ്ട്രിക്ട് ഗവർണർ മാധവ് ചന്ദ്രനും ചേർന്ന് വീടിന്റെ താക്കോൽ കമലാക്ഷിക്ക് കൈമാറി. പുനർനിർമ്മിക്കുന്ന വിവിധ വീടുകൾക്ക് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നൽകുന്ന രണ്ടരലക്ഷം രൂപയുടെ ചെക്കും ഹൈബി നൽകി. ചടങ്ങിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ആന്റണി, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബൽ ഭാരവാഹികളായ അഡ്വ. പിയൂസ് എ. കോട്ടം, ഡോ. തോമസ് മാത്യു, ഇ.പി. ജോർജ്, ആശ സുനി , ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ബെൻ ജിലി താടിക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.