1
sabarimala, file photo

കൊച്ചി : ഹൈക്കോടതിയുടെ വാക്കാലുള്ള നിർദേശങ്ങൾ പരിഗണിക്കേണ്ടതല്ലേയെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി നൽകിയ നിർദേശങ്ങൾ ഡി.ജി.പിയെ അറിയിച്ചിരുന്നോയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. നിരോധനാജ്ഞയെ ചോദ്യം ചെയ്യുന്ന ഹർജികളിലാണ് ഇക്കാര്യം ഡിവിഷൻ ബെഞ്ച് ആരാഞ്ഞത്.

ശബരിമല നടപ്പന്തലിലെ നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തിയതടക്കമുള്ള നിർദേശങ്ങൾ കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാൽ നൽകിയിരുന്നു. ഇതു പാലിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഡി.ജി.പിയോട് ഉത്തരം പറയേണ്ടതല്ലേ ? നടപ്പന്തലിൽ ഉറങ്ങിക്കിടന്നവരെ ഉണർത്തി. ഇതു മനുഷ്യാവകാശ ലംഘനമാണെന്ന് രാംലീല മൈതാനക്കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. മൗലികാവകാശത്തിന്റെ ലംഘനമാണത്. കഴിഞ്ഞ ദിവസത്തെ നിർദേശങ്ങൾ വാക്കാലുള്ളവയാണെന്ന് വ്യക്തമാക്കുന്ന മൂന്നു വരിയുള്ള കത്താണ് ഡി.ജി.പിക്ക് എ.ജി ഒാഫീസിൽ നിന്ന് നൽകിയതെന്ന് മനസിലാക്കുന്നു.

കോടതിയുടെ നിർദേശം വിശദമായി സർക്കാരിനെ അറിയിക്കേണ്ടതല്ലേ ? ശബരിമലയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ വിശദീകരണം നൽകുമെന്ന് അറിയിച്ചതിനാലാണ് രേഖാമൂലമുള്ള ഉത്തരവ് നൽകാതിരുന്നത്. അഡ്വക്കേറ്റ് ജനറലിനെ കോടതി വിളിച്ചു വരുത്തുകയല്ല, ഹാജരാകണമെന്ന് അപേക്ഷിക്കുകയാണ് ചെയ്തത്. എ.ജി മുഖേന നൽകുന്ന നിർദേശങ്ങൾ പാലിക്കേണ്ടതല്ലേ ? അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ ഇക്കാര്യം വിശദീകരിക്കാനും ഹൈക്കോടതി വാക്കാൽ നിർദേശിച്ചു.

സന്നിധാനത്തും പരിസരങ്ങളിലും കിടന്നുറങ്ങുന്നവരെയും ശരണം വിളിക്കുന്നവരെയും പൊലീസ് ഉപദ്രവിക്കുകയാണെന്നും പ്രാർത്ഥനായജ്ഞം നടത്തുന്നത് തടയുകയാണെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ ശരണം വിളിയും നാമജപയജ്ഞവും വ്യത്യസ്തമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശരണം വിളിയുടെ മറവിൽ പ്രതിഷേധം നടക്കുന്നുണ്ടെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു.