കൊച്ചി : ബലാത്സംഗക്കേസിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് നേതൃത്വം നൽകിയ ഫാ. അഗസ്റ്റിൻ വട്ടോളിക്കെതിരെ സീറോ മലബാർസഭ അച്ചടക്ക നടപടി ആരംഭിച്ചു. സഭാവിരുദ്ധ പ്രവർത്തനം ആരോപിച്ച് ഫാ. അഗസ്റ്റിന് എറണാകുളം അങ്കമാലി അതിരൂപതാ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ജേക്കബ് മാനത്തോടത്ത് നോട്ടീസ് നൽകി.
സഭാവിരുദ്ധർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നെന്നാരോപിച്ചാണ് നോട്ടീസ് നൽകിയത്. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി രൂപീകരിച്ച സേവ് ഒൗവർ സിസ്റ്റേഴ്സ് (എസ്.ഒ.എസ്) സംഘടനയുടെ കൺവീനറാണ് ഫാ. അഗസ്റ്റിൻ.
നോട്ടീസിൽ പറയുന്നത്
ഈമാസം 14 ന് സെക്രട്ടേറിയറ്റിന് മുന്നിൽ എസ്.ഒ.എസ് നടത്തിയ ധർണ സഭയെ അവഹേളിക്കുന്നതും വിശ്വാസത്തെ ഹനിക്കുന്നതുമാണ്. അത്തരം പരിപാടികളിൽ പങ്കെടുക്കരുത്. അനുസരിക്കാതിരുന്നാൽ സഭാനിയമപ്രകാരം നടപടി സ്വീകരിക്കും. കുർബാന അർപ്പിക്കുന്നത് വല്ലപ്പോഴുമാണ്. സഭാ ശുശ്രൂഷകൾ നിത്യവും നിർവഹിക്കുന്നില്ല. ശുശ്രൂഷകളിൽ വൈദികർ മേജർ ആർച്ച് ബിഷപ്പിന്റെ പേര് പരാമർശിക്കാറില്ല. പിയാത്ത ശില്പത്തിൽ മേരി മാതാവിനൊപ്പം യേശുവിന്റെ രൂപം ഉപയോഗിക്കേണ്ടതിന് പകരം കന്യാസ്ത്രീ രൂപം ചേർത്തത് ധർണയിൽ പ്രദർശിപ്പിച്ചത് കുറ്റമാണ്. തൃപ്തികരമായ വിശദീകരണം രേഖാമൂലം 25നകം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും.
പ്രതികാര നടപടി അനുവദിക്കില്ല
അതിരൂപതയിലെ വിവാദമായ സ്ഥലമിടപാടിനെതിരെ പ്രതികരിച്ചതിനാണ് ഫാ. അഗസ്റ്റിൻ വട്ടോളിക്ക് നൽകിയ നോട്ടീസ്. ഇടപാടിനെതിരെ ശബ്ദമുയർത്തിയവർക്കെതിരെ അദൃശ്യമായി ചിലർ പ്രവർത്തിക്കുകയാണ്. കന്യാസ്ത്രീക്കെതിരെ മ്ളേച്ഛമായി പ്രവർത്തിച്ച ബിഷപ്പിനെതിരെ വായ തുറക്കരുതെന്ന് പറയുകയാണ് സഭ. വട്ടോളി അച്ചനെതിരെ നടപടി സ്വീകരിച്ചാൽ ശക്തമായി പ്രതികരിക്കും.
- റിജു കാഞ്ഞൂക്കാരൻ,
കൺവീനർ, അതിരൂപതാ സുതാര്യതാ പ്രസ്ഥാനം