police
പാസ്‌പോർട്ട് വേരിഫിക്കേഷൻ ചുരുങ്ങിയ സമയംകൊണ്ട് കുറ്റമറ്റ രീതിയിൽ നടത്തുന്ന റൂറൽ പൊലീസിനുള്ള മെമന്റോ എറണാകുളം റീജിയണൽ പാസ്‌പോർട്ട് ഓഫിസർ പ്രശാന്ത് ചന്ദ്രനിൽ നിന്ന് ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥ്‌ സ്വീകരിക്കുന്നു

ആലുവ: പാസ്‌പോർട്ട് വെരിഫിക്കേഷൻ വേഗത്തിൽ പൂർത്തിയാക്കൽ നടപടികളിൽ റൂറൽ പൊലീസിന് അംഗീകാരം. വേഗത്തിലും കാര്യക്ഷമമായും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനാണ് പാസ്‌പോർട്ട് വിഭാഗം ആദരിച്ചത്.

ഒരു വ്യക്തി പാസ്‌പോർട്ട് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചാൽ 45 ദിവസത്തിനകം പാസ്‌പോർട്ട് ലഭ്യമാക്കണമെന്നും പൊലീസ് വെരിഫിക്കേഷൻ നടപടികൾ 21 ദിവസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് അതാത് പാസ്‌പോർട്ട് ഓഫീസിൽ സമർപ്പിക്കണമെന്നുമാണ് ചട്ടം. മുൻ കാലങ്ങളിൽ പല കാരണങ്ങളാൽ വെരിഫിക്കഷൻ വൈകുന്നത് പതിവായിരുന്നു. എന്നാൽ പൊലീസ് തന്നെ രൂപപ്പെടുത്തിയെടുത്ത പുതിയ പാസ്‌പോർട്ട് വെരിഫിക്കേഷൻ സംവിധാനം നിലവിൽ വന്നതിനുശേഷം നടപടി വേഗത്തിലായിട്ടുണ്ട്. ജൂലായിൽ ഈ സംവിധാനം എല്ലാ ജില്ലകളിലും നിലവിൽ വന്നതോടെ അപേക്ഷന് പാസ്‌പോർട്ട് വേഗത്തിൽ ലഭ്യമാക്കുന്ന കാര്യത്തിൽ കേരളം ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ്.

പരീക്ഷണാടിസ്ഥാനത്തിൽ ഒമ്പതുമാസം മുൻപ് ഈ സംവിധാനം ഏർപ്പെടുത്തിയത് മുതൽ റൂറൽ ജില്ല ഇന്ത്യയിൽ ഒന്നാംസ്ഥാനത്തായിരുന്നു. പാസ്‌പോർട്ട് അപേക്ഷകളിൻമേലുള്ള പൊലീസ് വെരിഫിക്കേഷൻ നടപടികൾ രണ്ട് ദിവസത്തിനുള്ളിൽതന്നെ 100 ശതമാനം പൂർത്തിയാക്കി റൂറൽ ജില്ല അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. റൂറൽ പൊലീസ് ജില്ലയെ എറണാകുളം റീജിയണൽ പാസ്‌പോർട്ട് ഓഫിസർ പ്രശാന്ത് ചന്ദ്രൻ മൊമെൻറോ നൽകി ആദരിച്ചു. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ധ്യാനേശ്വർ മുലെയ് യുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ റൂറൽ ജില്ലയ്ക്കുവേണ്ടി ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥ് മെമന്റോ ഏറ്റുവാങ്ങി.