ആലുവ: ദേശീയപാതയിലെ കമ്പനിപ്പടിയിൽ കാൽനട യാത്രക്കാർ അപകട ഭീതിയിലാണ്. ഇവിടെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സംവിധാനമില്ല. പഞ്ചായത്ത് ഓഫീസ്, ഓഡിറ്റോറിയം, മെട്രോ സ്‌റ്റേഷൻ, നിരവധി വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങളുടെയടക്കം വലിയ ഷോറൂമുകൾ തുടങ്ങിയവ കമ്പനിപ്പടിയിലുണ്ട്. അതിനാൽ ഇവിടെ തിരക്കേറെയാണ്.
ഇടമുള പാലത്തിലേക്കുള്ള റോഡ്, കുന്നത്തേരി, തായിക്കാട്ടുകര ഭാഗങ്ങളിലേക്കുള്ള റോഡ് എന്നിവ കവലയിൽ തന്നെയാണ് ദേശീയപാതയിൽ സംഗമിക്കുന്നത്. ഈ ഭാഗങ്ങളിൽ പോലും വേണ്ടത്ര വിസ്തൃതിയില്ല. അതിനാൽ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ദേശീയപാതയിലേക്ക് കയറാൻ പോലും പ്രയാസമാണ്.
കടകളിൽ നിന്ന് ഇറങ്ങുന്നതുപോലും റോഡിലേക്കാണ്. റോഡ് നേരെയായതിനാൽ ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങൾ അമിതവേഗതയിലാണ് പായുന്നത്. ദേശീയപാതയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ദുരിതം ഇരട്ടിക്കാനിടയാക്കുന്നു. മീഡിയന് വീതികൂട്ടിയെങ്കിലും സൗകര്യങ്ങൾ ഇല്ലാത്തതും പ്രശ്നമാകുന്നു.
മീഡിയന് നടുവിൽ മണ്ണിട്ട് ഉയർത്താൻ പോലും അധികൃതർ തയ്യാറായിട്ടില്ല. ഇതുമൂലം കാൽനടയാത്രക്കാർ തിരക്കുപിടിച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ തട്ടിവീഴുകയും ചെയ്യുന്നു.
പരിഹരിക്കണം
ഈ ഭാഗത്ത് ട്രാഫിക് പൊലീസിനെ നിയോഗിച്ച് യാത്രക്കാരുടെ പ്രയാസങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതിനായി പഞ്ചായത്ത് മുൻകൈയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.