privatestand
കാലടി ബസ് സ്റ്റാൻഡ്

കാലടി: കാലടി ബസ് സ്റ്റാൻഡിന്റെ കാലക്കേടൊഴിയുന്നില്ല. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ പോലും അധികാരികൾ തയ്യാറാകാത്തതിനാൽ കാലടി ബസ് സ്റ്റാൻഡിലെത്തുന്ന നൂറുകണക്കിന് യാത്രക്കാരും ബസ് ജീവനക്കാരും വലയുകയാണ്. എം.സി റോഡരികിലെ പ്രധാനകേന്ദ്രമാണ് കാലടി ടൗണിനോട് ചേർന്ന് കിടക്കുന്ന ഈ ബസ് സ്റ്റാൻഡ്.

സ്റ്റാൻഡിൽ കയറി നിൽക്കാനോ ഇരിക്കാനോ യാതൊരു സൗകര്യങ്ങളും നിലവിലില്ല. സന്ധ്യകഴിഞ്ഞാൽ പ്രദേശം കൂരിരുട്ടിലാണ്. റോഡരികിലുള്ള വൈദ്യുതി പോസ്റ്റുകളിലെ വഴിവിളക്കുകൾ മിഴി തുറന്നിട്ട് നാളേറെയായി. ഇതേക്കുറിച്ച് യാത്രക്കാരും ബസ് ജീവനക്കാരും പലതവണ പരാതിപ്പെട്ടിട്ടും പഞ്ചlയത്ത് അധികാരികൾ നടപടി സ്വീകരിക്കുന്നില്ല.

കുടിവെള്ള സൗകര്യമോ ശുചിത്വമുള്ള ഭക്ഷണശാലകളോ സ്റ്റാൻഡിൽ ഇല്ല. ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലേക്കും സംസ്കൃത യൂണിവേഴ്സിറ്റിയിലേക്കും നൂറ് കണക്കിന് യാത്രക്കാരാണ് ഇവിടെ വന്ന് പോകുന്നത്. വിദ്യാർത്ഥികൾ, ജോലിക്കാർ, വിനോദ സഞ്ചാരികൾ തുടങ്ങിയ അനേകമാളുകളാണ് ഇവിടെയെത്തി നട്ടം തിരിയുുന്നത്.

 ഭരണക്കാർ മറന്നുപോയ വാഗ്ദാനം

പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കാലടി ബസ് സ്റ്റാൻഡ് നവീകരണം. എന്നാൽ ഭരണത്തിലേറി മൂന്ന് വർഷം കഴിഞ്ഞിട്ടും ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻപോലും കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന് സ്വന്തമായി സ്ഥലവും സംസ്ഥാന സർക്കാരിന്റെ പൂർണ സഹകരണവും ഉണ്ടായിട്ടും ഇക്കാര്യത്തിൽ നടപടിയായിട്ടില്ല. എന്നാൽ മുൻ യു.ഡി.എഫ് ഭരണസമിതി നടപ്പിലാക്കിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം, മത്സ്യ-മാംസ മാർക്കറ്റ് കോംപ്ലക്സ് കെട്ടിടം എന്നിവ മാത്രമാണ് ആകെയുള്ള വികസനം.

 പാര ഭരണക്കാരിൽ നിന്നുതന്നെ

നിലവിലുള്ള എൽ.ഡി.എഫ് ഭരണസമിതി ഇക്കാര്യത്തിൽ തുടക്കത്തിൽ ശ്രമം നടത്തിയെങ്കിലും പാർട്ടിക്കകത്തെ ചിലരുടെ എതിർപ്പാണ് സ്റ്റാൻഡിന്റെ വികസനത്തിന് തടസമായി നിൽക്കുുന്നതെന്ന് ഭരണസമിതിയിലെ ചില അംഗങ്ങൾതന്നെ പരാതിപ്പെടുന്നു. ഉഭയകക്ഷി ധാരണ പ്രകാരം മുൻ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് നടത്തിയ ടാറിംഗ് മാത്രമാാണ് ഈ ബസ് സ്റ്റാൻഡിൽ ആകെ നടന്നിട്ടുള്ളത്. എന്നാൽ വർഷന്തോറും സ്റ്റാളുകളും പാർക്കിംഗും ലേലം ചെയ്ത് കൊടുത്ത് പണം വാങ്ങുന്നിൽ അധികാരികൾ ജാഗരൂകരാണ്.