മൂവാറ്റുപുഴ: ആരക്കുഴ ഐ.ടി.ഐയുടെ മൂന്നാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി 2.66കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ക്ലാസ് മുറികൾ, പ്രാക്ടിക്കൽ ലാബ്, കമ്പ്യൂട്ടർ റൂം, ലൈബ്രറി എന്നിവ നിർമ്മിക്കും. 2009ൽ സർക്കാരിന്റെ അംഗീകാരത്തോടെ പംബ്ലർ ഒരു വർഷം, ഡ്രാഫ്റ്റ്മാൻ സിവിൽ രണ്ട് വർഷം എന്നീ ട്രേഡുകളിലായി പ്രവർത്തനമാരംഭിച്ച ഇവിടെ 84കുട്ടികൾ പഠിക്കുന്നു. ആരക്കുഴ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിലാണ് നിലവിൽ ഐ.ടി.ഐ പ്രവർത്തിക്കുന്നത്. ചാന്ത്യംകവലയിൽ പഞ്ചായത്ത് കണ്ടെത്തിയ മൂന്നരഏക്കർ സ്ഥലത്ത് ഐ.ടി.ഐയുടെ പുതിയ മന്ദിരത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. അടുത്ത അധ്യായന വർഷത്തിൽ ഐ.ടി.ഐ പുതിയ മന്ദിരത്തിൽ പ്രവർത്തനമാരംഭിക്കാനുള്ള നടപടിക്രമങ്ങളാണ് നടക്കുന്നതെന്നും പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായി എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. കഴിഞ്ഞമാസം ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രൈനിംഗ് അംഗീകാരവും ഐടിഐയ്ക്ക് ലഭിച്ചുവെന്ന് പ്രിൻസിപ്പൽ പി.കെ. രാജപ്പൻ പറഞ്ഞു.