apakadakuzh-kannakulagara
ദേശീയപാത കണ്ണൻകുളങ്ങരയിൽ രൂപപ്പെട്ട അപകടക്കുഴികൾ നാട്ടുകാർ അടയ്ക്കുന്നു

പറവൂർ : ദേശീയപാതയിലെ കണ്ണൻകുളങ്ങരയിൽ രൂപപ്പെട്ട അപകടക്കുഴികൾ അടക്കാൻ നാട്ടുകാർ രംഗത്ത്. നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും ദേശീയപാത അധികൃതർ കുഴിയടക്കാൻ നടപടി സ്വീകരിക്കാത്തതിനാലാണ് നാട്ടുകാർ കുഴിയടച്ചത്. കഴിഞ്ഞദിവസം പെയ്ത മഴയിൽ റോഡിൽ വെള്ളം കെട്ടിയിരുന്നു. കുഴിയുടെ ആഴമറിയാതെ നിയന്ത്രണം തെറ്റി രണ്ട് ഇരുചക്രവാഹനയാത്രക്കാർക്ക് പരിക്കേറ്റി​രുന്നു.
സംഭവം അറിഞ്ഞ് നഗരസഭയിൽ നിന്നുള്ള ശുചീകരണ തൊഴിലാളികളെത്തി കുഴികളിൽ നിന്നു വെള്ളം കോരിക്കളഞ്ഞു. ഇതിനു ശേഷമാണ് താലൂക്ക് വികസനസമിതി അംഗം മധു അയ്യമ്പിള്ളിയുടെ നേതൃത്വത്തിൽ കണ്ണൻകുളങ്ങര ടെമ്പോ സ്റ്റാൻഡിലെ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് കുഴികൾ അടച്ചത്.
ദേശീയപാതയുടെ വൺവേ റോഡായ കോൺവെന്റ് റോഡിലേക്കു തിരിയുന്നതിനു തൊട്ടു മുമ്പാണ് ദേശീയപാത മാസങ്ങളായി തകർന്നുകിടക്കുന്നത്. ആഴമുള്ള കുഴികൾ രൂപപ്പെട്ടതിനാൽ അപകടങ്ങൾ നിത്യസംഭവമാണ്. ഒരാഴ്ചയ്ക്കു മുമ്പ്
ഇരുചക്രവാഹനത്തിൽ നിന്നും വീണ് അമ്മയ്ക്കും മൂന്നു വയസുള്ള കുഞ്ഞിനും പരി​ക്കേറ്റിരുന്നു. റോഡ് ടാർ ചെയ്യാത്തതിനെതിരെ ശക്തമായ ജനരോഷമുണ്ട്.

അടുത്തദിവസം ഇവിടെ ടൈൽ വിരിക്കൽ ജോലി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.