മൂവാറ്റുപുഴ: വൺവേ ജംഗ്ഷനിലെ തർബിയത്ത് സ്‌കൂളിന് സമീപത്തെ റോഡിൽ കുടിവെള്ളപൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം റോഡിലൂടെ ഒഴുകുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കു മൂലം റോഡ് തകർന്ന് കാൽനട യാത്ര പോലും ദുഷ്‌കരമായി.
മാസങ്ങൾക്ക് മുമ്പ് ഇവിടെ പൈപ്പ് പൊട്ടൽ തുടർക്കഥയായിരുന്നു. ശക്തമായ പ്രതിഷേധമുയർന്നതോടെ അധികാരികൾ പഴയ മെയിൻ പൈപ്പ് മാറ്റി പുതിയത് ഇട്ടതിനെ തുടർന്ന് കുറച്ചു കാലത്തേക്ക് പൈപ്പ് പൊട്ടൽ ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ പൈപ്പ് ഇട്ട് മാസങ്ങൾ കഴിയുന്നതിന് മുമ്പ് തുടർച്ചയായി പല സ്ഥലങ്ങളിലും തുടരെത്തുടരെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പൊട്ടിയ പൈപ്പ് അടിയന്തരമായി അറ്റകുറ്റപ്പണി തീർത്ത് കുടിവെള്ള വിതരണം സുഗമമാക്കണമെന്നും സ്‌കൂൾ റോഡ് സംരക്ഷിക്കുന്നതിന് ഗുണനിലവാരമുള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി വാട്ടർ അതോറിറ്റി സ്വീകരിക്കണമെന്നും മൂവാറ്റുപുഴ മേഖലാ പൗരസമിതി പ്രസിഡന്റ് നജീർ ഉപ്പുട്ടുങ്കൽ ആവശ്യപ്പെട്ടു.