loknath-behra-sabarimala

കൊച്ചി : ശബരിമല നടപ്പന്തൽ വിശ്രമ സ്ഥലമാക്കി മാറ്റരുതെന്നും ഭക്തരെ തടയുകയെന്ന ലക്ഷ്യത്തോടെ സ്ത്രീകളും പുരുഷന്മാരും അവിടെ തങ്ങുന്നത് അനുവദിക്കില്ലെന്നും വ്യക്തമാക്കി ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നിയന്ത്രണങ്ങൾക്കെതിരെയുള്ള ഹർജികളിൽ ദേവസ്വം ബെഞ്ച് ഡി.ജി.പിയുടെ വിശദീകരണം തേടിയിരുന്നു.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെയാണ് പ്രതിഷേധം. സന്നിധാനത്ത് വിരിവയ്ക്കാൻ പ്രത്യേക സ്ഥലമുണ്ടായിട്ടും നടപ്പന്തലിൽ തങ്ങണമെന്ന് ചിലർ വാശിപിടിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണ്. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ നടപ്പന്തലും പതിനെട്ടാംപടിയും കൈയടക്കിയതിന്റെ ചിത്രങ്ങളും പൊലീസ് സമർപ്പിച്ചു.

നടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഇത്തിരി നേരം വിശ്രമിക്കാം. താമസം അനുവദിച്ച സ്ഥലങ്ങളിലല്ലാതെ അതീവ സുരക്ഷാ മേഖലയിൽ ഭക്തർ ഒരു ദിവസത്തിലേറെ തങ്ങരുതെന്ന് നിർദ്ദേശിക്കണം.

രണ്ട് മാദ്ധ്യമ പ്രവർത്തകരുൾപ്പെടെ 11 യുവതികൾ ശബരിമല ദർശനത്തിന് എത്തിയെങ്കിലും ഇവർക്ക് വൻ പ്രതിഷേധം നേരിടേണ്ടി വന്നു. പാണ്ടിത്താവളം, പുല്ലുമേട്, മരക്കൂട്ടം, നീലിമല എന്നിവിടങ്ങളിൽ രാഷ്ട്രീയ - മത സംഘങ്ങൾ ക്യാമ്പ് ചെയ്താണ് യുവതികളെ തടഞ്ഞത്. ഭക്തരുടെ വേഷമിട്ടെത്തിയ പ്രതിഷേധക്കാരെ തിരിച്ചറിയാൻ ബുദ്ധിമുട്ടി.

സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കി മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 15 മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കലിലും പമ്പയിലും നടപടിയെടുത്തതോടെ പ്രതിഷേധം നടപ്പന്തലിലേക്ക് മാറ്റി. തീവ്രവാദി - സാമൂഹ്യവിരുദ്ധ ഭീഷണി കണക്കിലെടുത്ത് ശബരിമലയിലേക്കുള്ള വഴികളുൾപ്പെടെ പ്രത്യേക സുരക്ഷാ മേഖലയാക്കി. നടപ്പന്തൽ, പതിനെട്ടാം പടിക്ക് ചുറ്റുമുള്ള മേഖല, ക്ഷേത്രത്തിന്റെ വടക്കേ ഗേറ്റ്, സോപാനം, മാളികപ്പുറം എന്നിവ അതീവ സുരക്ഷാ മേഖലയുമാക്കി. നടയടച്ചശേഷം ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നില്ല.

അടുത്തിടെ നൂറോളം പ്രതിഷേധക്കാർ നാമജപയജ്ഞമെന്ന പേരിൽ നടപ്പന്തലിൽ തങ്ങി. 19ന് ദർശനം നടത്താൻ സ്ത്രീകൾ ബുക്ക് ചെയ്തതറിഞ്ഞാണ് തലേദിവസം രാത്രി ഇവർ തമ്പടിച്ചത്. പിരിഞ്ഞുപോകാൻ തയ്യാറാകാത്ത ഇവരെ പൊലീസ് നീക്കി. 69 പേരെ റിമാൻഡ് ചെയ്തു. പലരും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഒരാൾക്കെതിരെ 86 ക്രിമിനൽ കേസുകളുണ്ട്. ആർ.എസ്.എസ്, ബി.ജെ.പി, ഹിന്ദു ഐക്യവേദി, യുവമോർച്ച, എ.ബി.വി.പി സംഘടനകളുടെ പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ് അറസ്റ്റിലായതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.