മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്തിലെ ഒമ്പത്, പത്ത് വാർഡുകളിലായി വ്യാപിച്ച് കിടക്കുന്ന മേക്കടമ്പ് പാടശേഖരത്തിലെ പതിനേഴു വർഷത്തോളം തരിശായിക്കിടന്ന 15 ഏക്കർ പാടത്ത് നെൽകൃഷിക്ക് തുടക്കമായി. എൽദോ എബ്രഹാം എം എൽ എ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബാബു ഐസക്, ഒ.സി. ഏലിയാസ് , ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആശാ രവി, കൃഷി അസി. ഡയറക്ടർ വി.കെ.സജിമോൾ, പഞ്ചായത്ത് പ്രസിഡന്റ് ലീലാ ബാബു, വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ. രാജു., സുജാത സതീശൻ, വാർഡ് മെമ്പർ പി.എം.മദനൻ, വാളകം കൃഷി ഓഫീസർ വി.പി സിന്ധു., കൃഷി ഓഫീസർമാരായ ലെൻസി തോമസ്, സാജു കെ.സി. സണ്ണി, രാഹുൽ കൃഷ്ണൻ, ബോസ് മത്തായി, പാടശേഖര സമിതി സെക്രട്ടറിമാർ, കർഷകർ എന്നിവർ പങ്കെടുത്തു.
വാളകം കൃഷി ഓഫീസർ വി.പി. സിന്ധുവിന്റെ മേൽനോട്ടത്തിൽ പ്രസാദ്, എം.എ.എൽദോസ്, ജെയിംസ് തുടങ്ങി ഒമ്പതുപേരുൾപ്പെടുന്ന കുന്നയ്ക്കാൽ അഗ്രി. ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിക്കുന്നത്. കൃഷിഭവൻ മുഖേന വിവിധ പദ്ധതികളിലായി ജൈവവളം, രാസവളം, കുമ്മായം, തുടങ്ങിയവയും തരിശു ക്യഷിക്കുള്ള പ്രത്യേക സാമ്പത്തിക ആനുകൂല്യവും ലഭ്യമാകും. കുടുംബശ്രീ വനിതകൾ ഉൾപ്പെടെ മുന്നിട്ടിറങ്ങി വാളകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത് ഏക്കറോളം തരിശ് പാടങ്ങളാണ് നെൽകൃഷിയിലേക്ക് തിരിച്ചെത്തുന്നത്.
പ്രചോദനമാകും
നെൽകൃഷിയിൽ നിന്നകന്ന് പാടങ്ങളോരോന്നും പരിവർത്തനത്തിന്റെ പാതയിലേക്കു വഴിമാറുന്ന ഇക്കാലത്ത് ഇതുപോലെയുള്ള കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന നെൽകൃഷി മറ്റുള്ളവർക്ക് പ്രചോദനമാകും.
വി.പി.സിന്ധു, കൃഷി ഓഫീസർ