നിരോധനാജ്ഞ ഭക്തർക്ക് ബാധകമല്ലെന്ന് പൊലീസ്
കൊച്ചി:ശബരിമലയിൽ സമാധാന സാഹചര്യം ഉണ്ടാകണമെന്നും
അതിനായി എല്ലാവരും സഹകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.ഇക്കാര്യം ഹർജിക്കാരോടും നിർദ്ദേശിക്കണമെന്ന് സർക്കാരിനു വേണ്ടി എ.ജി ബോധിപ്പിച്ചു. തുടർന്ന് ആരും നിയമം കൈയിലെടുക്കരുതെന്നും ചില സ്വകാര്യ അജണ്ടകൾ ഉണ്ടാകാമെന്നും കോടതിക്ക് കണ്ണടച്ചിരിക്കാൻ കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു.
ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ശബരിമലയിൽ ഭക്തർക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും ശരണം വിളിക്ക് തടസമില്ലെന്നും പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഡി.ജി.പിയുടെ ഈ വിശദീകരണം സമർപ്പിക്കാൻ വൈകിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
നവംബർ 19 ന് നിർദ്ദേശം നൽകിയിട്ടും പതിനൊന്നാം മണിക്കൂറിലാണോ വിശദീകരണം നൽകുന്നതെന്ന് ദേവസ്വം ബെഞ്ച് വാക്കാൽ ചോദിച്ചു.
പൊലീസിന്റെ സത്യവാങ്മൂലത്തിന്റെ പകർപ്പ് ഹർജിക്കാർക്കും നൽകാൻ നിർദ്ദേശിച്ച ഡിവിഷൻ ബെഞ്ച് ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
മുംബയ് സംഘം മടങ്ങിയത് ആശങ്കയിൽ
110 പേരടങ്ങിയ മുംബയ് സംഘം ശബരിമല ദർശനത്തിനു നിൽക്കാതെ എരുമേലിയിൽ നിന്ന് മടങ്ങിയത് പ്രതിഷേധത്തെത്തുടർന്നുള്ള ആശങ്കയിലാണെന്ന് പൊലീസ് വ്യക്തമാക്കി. നവംബർ 20 ന് എത്തിയ സംഘത്തിന് സഹായങ്ങൾ ഒരുക്കാമെന്ന് എരുമേലിയിലെ അസി. സ്പെഷ്യൽ ഒാഫീസറായ ഡിവൈ.എസ്.പി അറിയിച്ചതാണ്. എന്നാൽ മടക്കയാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തെത്തിയ സംഘത്തിന് ശബരിമലയ്ക്കു പുറമേ ആര്യങ്കാവിലും കോട്ടയത്തെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും ദർശനം നടത്തേണ്ടതുണ്ടെന്നും പ്രതിഷേധത്തെത്തുടർന്ന് ശബരിമല ദർശനത്തിന് തടസം നേരിട്ടാൽ മടക്കയാത്ര ബുദ്ധിമുട്ടാകുമെന്നുമായിരുന്നു മറുപടി. ശബരിമല ദർശനം നടത്താതെ മടങ്ങിയ സംഘം കുളത്തൂപ്പുഴയിലും ദർശനം നടത്തിയ ശേഷം കോട്ടയത്ത് നിന്ന് മടങ്ങി.
പൊലീസ് ക്രമീകരണങ്ങൾ
ജനറൽ ബന്തവസ് : തീർത്ഥാടകർക്ക് ദർശന സൗകര്യം ഒരുക്കലും ട്രാഫിക് നിയന്ത്രണവും
ക്രമസമാധാന പാലനം : യോഗ്യതയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നുള്ളവരുൾപ്പെടെ ഇത് നിയന്ത്രിക്കുന്നു.
ഭക്തകളുടെ സുരക്ഷ : ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.