sabarimala

കൊച്ചി:ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാൻ ഒരുക്കിയ സൗകര്യങ്ങളും സുരക്ഷയും വ്യക്തമാക്കി ഒരാഴ്ചയ്‌ക്കകം ദേവസ്വം ബോർഡ് വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

ശബരിമല പ്രവേശനത്തിന് പൊലീസ് സംരക്ഷണം ഉൾപ്പെടെ ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിനികളായ രേഷ്‌മ നിശാന്ത്, ഷനില സജീഷ്, വി.ബി. ധന്യ, എം. സൂര്യ എന്നിവർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

ശബരിമല ദർശനത്തിനായി വ്രതമെടുത്തിരിക്കെ, പ്രതിഷേധക്കാരുടെ ആക്രമണം നേരിടേണ്ടി വന്നെന്നും വീടിനു നേരെ ആക്രമണമുണ്ടായെന്നും ഹർജിക്കാർ വ്യക്തമാക്കുന്നു. ശബരിമലയിൽ സ്ത്രീകൾക്ക് ദർശനത്തിനായി രണ്ട് ദിവസം അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനോട് സർക്കാരും യോജിപ്പ് അറിയിച്ചു. എന്നാൽ യുവതീ പ്രവേശനം തടഞ്ഞതിനെതിരായ വിധിയിൽ പുരുഷന്മാരെ മാറ്റി നിറുത്തി പരിഹാരം തേടുന്നതിനോടു യോജിപ്പില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സ്ത്രീകൾക്കു വേണ്ടി പ്രത്യേക സുരക്ഷ ഒരുക്കുകയാണ് വേണ്ടത്. സ്ത്രീകളെ പ്രശ്നങ്ങളിലേക്ക് തള്ളിയിടാൻ കോടതിക്ക് കഴിയില്ല. കക്ഷികൾ തമ്മിലുള്ള യുദ്ധത്തിൽ ദൈവത്തെ വലിച്ചിഴയ്ക്കരുത്. എല്ലാവരും ശാന്തരാകണം. ഒരു കൂട്ടരുടെ ആരാധനാ സ്വാതന്ത്ര്യം നടപ്പാക്കുമ്പോൾ മറ്റൊരു കൂട്ടരുടെ ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടരുത് - ഹൈക്കോടതി വാക്കാൽ പറഞ്ഞു.

അവകാശങ്ങൾ പരസ്പര ധാരണയോടെ നടപ്പാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് സർക്കാരും വ്യക്തമാക്കി. തുടർന്നാണ് ദേവസ്വം ബോർഡ് വിശദീകരണം നൽകാൻ നിർദേശിച്ചത്.