ആലുവ: ഹൈന്ദവ സമുദായ സംഘടനകൾ പരസ്പരം ചർച്ചനടത്തി ശബരിമല വിഷയം ഏറ്റെടുക്കാൻ തയ്യാറായാൽ എസ്.എൻ.ഡി.പി യോഗം സമരത്തിന്റെ മുൻനിരയിലുണ്ടാകുമെന്ന് യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ബി.ഡി.ജെ.എസ് ജില്ല നേതൃത്വ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗം വിശ്വാസികൾക്കൊപ്പമാണെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന സമരത്തിന് വ്യക്തമായ നേതൃത്വം ഇല്ലാത്തതിനാലാണ് എസ്.എൻ.ഡി.പി യോഗം പരസ്യമായ സമരപരിപാടികളിൽ നിന്നു വിട്ടുനിൽക്കുന്നത്.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ ആദ്യം നിലപാട് വ്യക്തമാക്കിയത് ബി.ഡി.ജെ.എസ് ആണ്. പിന്നീടാണ് മറ്റ് സംഘടനകൾ രംഗത്തെത്തിയത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് അഞ്ച് സീറ്റുകളിൽ ബി.ഡി.ജെ.എസ് മത്സരിക്കും. ബൂത്ത് - പഞ്ചായത്ത്, മണ്ഡലം തലങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച 29 ഓളം രാഷ്ട്രീയ പാർട്ടികളിൽ ആറാം സ്ഥാനമാണ് ബി.ഡി.ജെ.എസിന് ലഭിച്ചത്. പിറവിയെടുത്ത് രണ്ട് മാസം പിന്നിട്ടപ്പോഴേക്കും ആറാം സ്ഥാനത്ത് എത്തിയെങ്കിൽ കേരളത്തിന്റെ ഭരണം നിയന്ത്രിക്കാനുമാകും. വരുന്ന നിയമസഭയിൽ ബി.ഡി.ജെ.എസ് മന്ത്രിമാരുണ്ടാകും.
ജോലിക്ക് പോകാതെ രാഷ്ട്രീയ പ്രവർത്തനം തൊഴിലായി സ്വീകരിച്ചവരുടെ പാർട്ടിയല്ല ബി.ഡി.ജെ.എസ്. ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിച്ച ശേഷമായിരിക്കണം സാമൂഹ്യ - രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങേണ്ടത്. എൽ.ഡി.എഫ് സർക്കാരിന് കീഴിൽ ഒരു വ്യവസായ സ്ഥാപനം പോലും ഇതുവരെ തുറന്നിട്ടില്ലെന്നും തുഷാർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി.വി. ബാബു, വി. ഗോപകുമാർ, സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, വൈസ് പ്രസിഡന്റ് പി.ഡി. ശ്യാംദാസ്, മഹിള സേന ജില്ലാ പ്രസിഡന്റ് നിർമ്മല ചന്ദ്രൻ എന്നിവർ സംസാരിച്ചു.
കേരള രാഷ്ട്രീയവും ബി.ഡി.ജെ.എസും എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി പി.ടി. മന്മഥനും സാമൂഹ്യനീതിയും ബി.ഡി.ജെ.എസും എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി രാജൻ മഞ്ചേരിയും ക്ലാസെടുത്തു. ടി.ജി. വിജയൻ, സി.എൻ. രാധാകൃഷ്ണൻ, എൻ.ജി. വിജയൻ, വി. വേണുഗോപാൽ, എ.എൻ. രാമചന്ദ്രൻ, പി.എസ്. ജയരാജ് എന്നിവർ നേതൃത്വം നൽകി.