കൊച്ചി: വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെ മുകൾഭാഗത്ത് മേൽക്കൂരയായും പ്രവർത്തിക്കുന്ന സോളാർ പാനൽ വിപണിയിലെത്തി. ഹൈദരാബാദ് ആസ്ഥാനമായ വിസാക ഇൻഡസ്ട്രീസ് ലിമിറ്റഡാണ് സംയോജിത സോളാർ റൂഫിംഗ് സംവിധാനം വികസിപ്പിച്ചത്. ആറ്റം എന്നു പേരിട്ട സോളാർ റൂഫിംഗുകളാണ് വിപണിയിലെത്തിയത്.
പാനലുകൾ പ്രത്യേക സംവിധാനം ഉപയോഗിച്ച് കൂട്ടിച്ചേർക്കാം. മേൽക്കൂരയായി 50 വർഷം പ്രവർത്തിക്കുന്ന പാനലിൽ നിന്ന് 25 വർഷം വൈദ്യുതിയും ഉത്പാദിപ്പിക്കാം. ചതുരശ്ര അടിക്ക് 600 രൂപയാണ് വിലയെന്ന് വിസാക ഇൻഡസ്ട്രീസ് ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ വംസി ഗദ്ദം പറഞ്ഞു.
ഒരു പാനലിൽ നിന്ന് 220 വാട്ട്സ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. പത്തു വർഷത്തെ ഗ്യാരന്റി ലഭിക്കും. മേൽക്കൂരയിൽ ചവിട്ടി നടന്നാലും പാനൽ പൊട്ടില്ല. സിമന്റ് അധിഷ്‌ഠിത സാങ്കേതികവിദ്യയിൽ നിർമ്മിച്ച പാനൽ പേറ്റന്റ് നേടിയിട്ടുണ്ട്. 200 കോടി രൂപയുടെ വിറ്റുവരവാണ് അടുത്ത വർഷം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.