കൂത്താട്ടുകുളം : വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ദീപശിഖാ പ്രയാണം നടന്നു. പൂർവ വിദ്യർത്ഥിയായിരുന്ന മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ ഉഴവൂരിലെ വീട്ടിൽ മോൻസ് ജോസഫ് എംഎൽഎ ദീപശിഖ തെളിച്ചു. പൂർവവിദ്യാർഥി സംഘടനാ ഭാരവാഹികളായ എം.ജെ. ജേക്കബ്, ജയ്‌സൺ ജോസഫ് എന്നിവർ നേതൃത്വം നൽകി. കൂത്താട്ടുകുളം ടൗൺ ഹാളിൽ എത്തിയ ദീപശിഖാ പ്രയാണം ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ കൂട്ടയോട്ടമായി സ്‌കൂളിൽ സമാപിച്ചു. നാളെ രാവിലെ 9 ന് സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമത്തിൽ മുൻ അദ്ധ്യാപകരെ ആദരിക്കും.10 ന് സെന്റ് ജോൺസ് സുറിയാനി പള്ളി പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.