vellapally-natesan

കൊച്ചി : സുപ്രീംകോടതിയുടെ ശബരിമല വിധിയുടെ മറവിൽ നവോത്ഥാന നായകർ കെട്ടിപ്പടുത്ത കേരളത്തെ ശവപ്പറമ്പാക്കാനാണ് രാഷ്‌ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഉദയംപേരൂർ എസ്.എൻ.ഡി.പി സ്‌കൂളിന്റെ സേവനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവതീപ്രവേശനം സംബന്ധിച്ച് പന്ത്രണ്ടു കൊല്ലമായി നടന്ന കേസിന്റെ വിധി വന്നതോടെ നാട് കുട്ടിച്ചോറായി. കാർക്കിച്ചു തുപ്പാനും വയ്യ, മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. വിധി നടപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് പ്രതിക്കൂട്ടിലാകും. യുവതികൾ മല ചവിട്ടിയാൽ പ്രക്ഷോഭമെന്ന ഭീഷണിയുമായി മറ്റൊരു കൂട്ടർ.

ക്ഷേത്രങ്ങൾ സവർണരുടെ കുത്തകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരിൽ 96 ശതമാനവും ഉയർന്ന ജാതിക്കാരാണ്. ഈഴവർ മൂന്നു ശതമാനമേയുള്ളൂ. ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന ജീവനക്കാരുണ്ട്. ജി. സുധാകരൻ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന തിരുവിതാംകൂർ ദേവസ്വം ബിൽ ഇപ്പോൾ എവിടെയെന്ന് ആർക്കുമറിയില്ല. ജാതിവിവേചനമില്ലാതായാലേ ജാതിചിന്ത അവസാനിക്കുകയുള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷനായിരുന്നു.