മൂവാറ്റുപുഴ: ഭിന്നശേഷിയുള്ളവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സ്കോളർഷിപ്പ് വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ ആവശ്യപ്പെട്ടു. നാൽപതു ശതമാനത്തിൽ കൂടുതൽ ഭിന്നശേഷി ഉള്ളവർക്ക് ഒരുവർഷം ഇരുപത്തെണ്ണായിരം രൂപ നൽകണമെന്നാണ് ഗവൺമെന്റ് നിർദേശമുള്ളത്. എന്നാൽ ഇത് നടപ്പിലാക്കുവാൻ സാധിക്കാത്തതിനു കാരണം തദ്ദേശ സ്വയംഭര സ്ഥാപനങ്ങൾ വച്ചുപുലർത്തുന്ന അലംഭാവമാണ്. ഭിന്നശേഷിക്കാർ ഭൂരിപക്ഷവും നിർത്ഥന കുടുംബങ്ങളിൽ നിന്നുള്ളവരായതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം നിശ്ചയിക്കുമ്പോൾ ഈ വിഷയത്തിൽ ജാഗ്രത പുലർത്തണം. ഭിന്നശേഷിയുള്ളവരുടെ രക്ഷാകർത്താക്കളുടെ സംഘടനയായ പരിവാറിന്റെ മൂവാറ്റുപുഴ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാളകം പഞ്ചായത്ത് പ്രസിഡണ്ട് ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, പരിവാർ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് സൈമൺ, പ്രൊഫ. ജോസ് അഗസ്റ്റിൻ, അംബിക ശശി, ഷീല മത്തായി, ആർ.രാമൻ, ബിന്ദു ജോർജ്, ദർശിനിഷിബു, സ്മിത ബിനു, പി പി ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.