amma

കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ലിയു.സി.സി) ഉന്നയിച്ച പ്രശ്‌നങ്ങൾ എക്സിക്യൂട്ടിവ് യോഗം ചർച്ച ചെയ്തില്ലെന്ന് താര സംഘടന 'അമ്മ'യുടെ പ്രസിഡന്റ് മോഹൻലാൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ ഓഫീസ് മന്ദിരവും പ്രളയ ദുരിതാശ്വാസ ഫണ്ടു ശേഖരണാർത്ഥം നടത്തുന്ന ഷോയുമാണ് പ്രധാനമായി ചർച്ച ചെയ്തത്. മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല.

രാജിവച്ച നടിമാരെ തിരിച്ചെടുക്കുമോയെന്ന് ചോദിച്ചപ്പോൾ, തിരികെ വന്നാൽ എടുക്കുമെന്നായിരുന്നു മറുപടി. മാപ്പ് പറയാതെ തന്നെ തിരിച്ചെടുക്കുമോയെന്നെ ചോദ്യത്തിന് അത്തരം കാര്യങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും എല്ലായിടത്തും ഉപയോഗിക്കാനുള്ള പദമല്ല മാപ്പ് എന്നും മോഹൻലാൽ പറഞ്ഞു.

സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സെൽ വേണമെന്ന നടിമാരുടെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നതായി അമ്മ വക്താവ് ജഗദീഷ് വ്യക്തമാക്കി. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഡബ്ലിയു.സി.സി ഹൈക്കോടതിയെ സമീപിച്ചതായി അറിഞ്ഞു. അമ്മയുടെ ഭാഗം വിശദീകരിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതി പരിഹാര സെൽ രൂപീകരിക്കാൻ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും.

ഡിസംബർ 7ന് അബുദാബിയിലാണ് അമ്മ ഷോ. 5 കോടിയാണ് ലക്ഷ്യം. 28ന് കൊച്ചിയിൽ റിഹേഴ്സൽ ആരംഭിക്കും. സംവിധായകൻ രാജീവ് കുമാർ ആണ് ഷോയുടെ സംവിധായകൻ.