നെടുമ്പാശേരി: ക്ഷേത്ര കലകൾ ജീവിത തപസ്യയാക്കിയ നിരുപമ വേണുഗോപാലിന് സുവർണത്തിളക്കം. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ, കഥാപ്രസംഗം, ചമ്പു പ്രഭാഷണം, പാഠകം, സംസ്‌കൃത നാടകം, കൂടിയാട്ടം എന്നീ ആറിനങ്ങളിൽ എ ഗ്രേഡോടെ നിരുപമ ഒന്നാംസ്ഥാനത്തെത്തി.
അടുത്ത മാസം ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ്. ആലുവ വിദ്യാധിരാജ സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ നിരുപമ നെടുമ്പാശേരി മേയ്ക്കാട് ശ്രീപരമേശ്വർ വീട്ടിൽ വേണുഗോപാലിന്റെയും വിദ്യാധിരാജ സ്‌കൂളിലെ അദ്ധ്യാപിക സീമയുടെയും മകളാണ്.
കഴിഞ്ഞവർഷവും അഞ്ചിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ വർഷം നല്ല നാടക നടിക്കുള്ള അവാർഡും നേടി. കൈതാരം സ്വദേശി വിനോദാണ് കഥാപ്രസംഗത്തിൽ പരിശീലനം നൽകിയത്. കഴിഞ്ഞ അഞ്ച് വർഷമായി പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിലാണ് ക്ഷേത്ര കലകൾ അഭ്യസിക്കുന്നത്. കലാമണ്ഡലം സുരേഷ് കാളിയത്താണ് ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നത്.
തുടർച്ചയായി അഞ്ചുവർഷം ക്ഷേത്ര കലകളിലൂടെ ഒന്നാം സ്ഥാനവും സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്ത സഹോദരൻ വിനായകിൻെറ പാതയിലാണ് നിരുപമ.